വീടുകളുടെ വില കൂടുന്നു

വീടുകളുടെ വില കൂടുന്നു

രാംനാഥ് ചാവ്‌ല-
മുംബൈ: റിയല്‍ എസ്‌റ്റേറ്റ് മേഖല മാന്ദ്യത്തിലാണെന്നു പറയുമ്പോഴും രാജ്യത്ത് വീടുകളുടെ വില കൂടിനില്‍ക്കുകയാണെന്ന് റിസര്‍വ് ബാങ്ക് സര്‍വെ. മുംബൈ, പുണെ, ചെന്നൈ അടക്കം രാജ്യത്തെ 13 നഗരങ്ങളിലെ ഭവനവായ്പകള്‍ ഉള്‍പ്പെടുത്തിയുള്ള ആര്‍.ബി.ഐ.യുടെ റസിഡന്‍ഷ്യല്‍ അസറ്റ് പ്രൈസ് മോണിറ്ററിംഗ് സര്‍വേയിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
2015 മാര്‍ച്ചിനുശേഷം രാജ്യത്താകെ ആളുകളുടെ വരുമാനത്തെ അപേക്ഷിച്ച് വീടുകളുടെ വില കൂടിയതായാണ് കണ്ടെത്തല്‍. ഇതുകാരണം സാധാരണക്കാര്‍ക്ക് വീടെന്ന സ്വപ്‌നം അപ്രാപ്യമാകുകയാണ്. മുംബൈയിലാണ് സ്ഥിതി രൂക്ഷം. അതേസമയം, ഭുവനേശ്വറില്‍ മറ്റു നഗരങ്ങളെ അപേക്ഷിച്ച് വില കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്ത് വീടിന്റെ വിലയും മാസവരുമാനവും തമ്മിലുള്ള ശരാശരി അനുപാതം 2015 മാര്‍ച്ചിലെ 56.1 ല്‍നിന്ന് 61.5 ആയി ഉയര്‍ന്നു. വീടു വാങ്ങുന്നതിനുള്ള ശേഷി പരിശോധിക്കുന്ന പ്രധാന ഏകകമാണിത്. വീടിന്റെ വിലയും വരുമാനവും തമ്മിലുള്ള അന്തരം കൂടുന്നതായാണ് ഇതു സൂചിപ്പിക്കുന്നത്. നാലുവര്‍ഷവും ഇതില്‍ വര്‍ധനയുണ്ടായി. അതുകൊണ്ടുതന്നെ വീടു വാങ്ങാനുള്ള പണം കണ്ടെത്തുന്നതിന് കൂടുതല്‍ വര്‍ഷം വേണ്ടിവരുന്നു. വായ്പയും വരുമാനവും തമ്മിലുള്ള അനുപാതവും കൂടി. 2015 മാര്‍ച്ചിലെ മൂന്നില്‍നിന്ന് 2019 മാര്‍ച്ചില്‍ ഇത് 3.4ലെത്തി.
ഇക്കാലയളവില്‍ വായ്പയും ആസ്തിയുടെ മൂല്യവും തമ്മിലുള്ള അനുപാതം 2015 മാര്‍ച്ചിലെ 67.7 ശതമാനത്തില്‍നിന്ന് 69.9 ശതമാനമായി ഉയര്‍ന്നു. ഭവനവായ്പയുടെ ക്രെഡിറ്റ് റിസ്‌ക് അളക്കുന്നതിനുള്ള പ്രധാനഘടകമാണിത്. ബാങ്കുകളും വായ്പാസ്ഥാപനങ്ങളും കൂടുതല്‍ വെല്ലുവിളി ഏറ്റെടുത്താണ് വായ്പ നല്‍കിയിരിക്കുന്നതെന്നാണ് ഇതിനര്‍ഥം. റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് വിലയിടിഞ്ഞാല്‍ വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ക്ക് താങ്ങാനുള്ള ശേഷി കുറവായിരിക്കുമെന്നു സാരം.
വരുമാനവും വായ്പതിരിച്ചടവും (ഇ.എം.ഐ) തമ്മിലുള്ള അനുപാതത്തില്‍ മിക്കയിടത്തും വലിയ മാറ്റമുണ്ടായിട്ടില്ല. മുംബൈ, പുണെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ഇത് ചെറിയ അളവില്‍ ഉയര്‍ന്നിട്ടുണ്ട്. ഇതു നോക്കിയാണ് വായ്പാ യോഗ്യതയും തുകയും കണക്കാക്കുന്നത്. സര്‍വേയില്‍ പറയുന്നതു പ്രകാരം മുംബൈയില്‍ വായ്പയെടുത്തിട്ടുള്ളവര്‍ വരുമാനത്തിന്റെ 43.3 ശതമാനവും ഡല്‍ഹിയില്‍ 36.9 ശതമാനവും ഇ.എം.ഐ.ക്കായി ചെലവിടുന്നു. ചെന്നൈയിലിത് 38.4 ശതമാനമാണ്.

 

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.