റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനം; റെറ പ്രവര്‍ത്തനം ആരംഭിച്ചു

റിയല്‍ എസ്‌റ്റേറ്റ് പ്രവര്‍ത്തനം; റെറ പ്രവര്‍ത്തനം ആരംഭിച്ചു

ഫിദ-
കൊച്ചി: റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ നിരീക്ഷണത്തിനായുള്ള റിയല്‍ എസ്‌റ്റേറ്റ് നിയന്ത്രണ അതോറിറ്റി (റെറ) കേരളത്തില്‍ നിലവില്‍ വന്നു. നിലവില്‍ നിര്‍മാണത്തിലുള്ളതും ഒക്കുെപ്പന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. റെറ രജിസ്‌ട്രേഷന്‍ ഇല്ലാതെ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികളുടെ വിപണനം ആരംഭിക്കാന്‍ കഴിയില്ലെന്ന് റെറ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍ പറഞ്ഞു.
രജിസ്‌ട്രേഷന്‍ ആരംഭിക്കുന്ന തീയതി അതോറിറ്റി ഉടന്‍ പ്രഖ്യാപിക്കും. നിര്‍മാണത്തിലിരിക്കുന്ന പദ്ധതികള്‍ക്ക് ചതുരശ്ര മീറ്ററിന് 25 രൂപയും പുതിയ കെട്ടിടങ്ങള്‍ക്ക് 50 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. വാണിജ്യ കെട്ടിടങ്ങള്‍ക്ക് ഈ നിരക്ക് യഥാക്രമം 50 രൂപയും 100 രൂപയുമാണ്. കെട്ടിട നിര്‍മാണ ചട്ടങ്ങള്‍ പ്രകാരമുള്ള എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് രജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത്. ഈ അനുമതികളെല്ലാം റെറ പരിശോധിച്ച് അനുമതിയുടെ സുതാര്യത ഉറപ്പാക്കും. ബാങ്കുകളില്‍നിന്ന് കെട്ടിട നിര്‍മാണ വായ്പയെടുക്കുന്നതിനും റെറ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.
റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍നിന്നുള്ള പരാതികള്‍ അതോറിറ്റി സ്വീകരിച്ചു തുടങ്ങി. സര്‍ക്കാരിനു കിട്ടിയ രണ്ട് പരാതികള്‍ റെറയിലേക്ക് കൈമാറിയതായും കുര്യന്‍ അറിയിച്ചു. അതോറിറ്റിയുടെ വിലാസത്തില്‍ തിരുവനന്തപുരത്ത് മാറാവുന്ന 1,000 രൂപയുടെ ഡി.ഡി. സഹിതമാണ് പരാതികള്‍ നല്‍കേണ്ടത്. പരാതി നല്‍കുന്നതിനുള്ള അപേക്ഷാ ഫോം റെറയുടെ വെബ്‌സൈറ്റില്‍ (ൃലൃമ.സലൃമഹമ.ഴീ്.ശി) നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പരാതികള്‍ ഓണ്‍ലൈനായി നല്‍കാനുള്ള സംവിധാനവും അധികം വൈകാതെ സജ്ജമാക്കും.
ഉപഭോക്താക്കള്‍ക്ക് മാത്രമല്ല, ബില്‍ഡര്‍മാര്‍ക്കും പരാതിയുമായി റെറയെ സമീപിക്കാം. ഒരു പരാതിയില്‍ രണ്ട് മാസത്തിനുള്ളില്‍ റെറ നടപടി സ്വീകരിക്കും. നഷ്ടപരിഹാരം അടക്കമുള്ള നിര്‍ദേശങ്ങളായിരിക്കും പരാതി തീര്‍പ്പാക്കുന്നതിന് റെറ മുന്നോട്ടുവെക്കുന്നത്. ഈ നിര്‍ദേശങ്ങള്‍ പാലിക്കാതെ വരുമ്പോള്‍ പിഴ ഈടാക്കാനും റെറയ്ക്ക് അധികാരമുണ്ട്. പദ്ധതിച്ചെലവിന്റെ 10 ശതമാനമായിരിക്കും പിഴ ഈടാക്കുക.
റെറയില്‍ രജിസ്റ്റര്‍ ചെയ്യാത്ത ബില്‍ഡര്‍മാര്‍ക്കെതിരേയുള്ള പരാതികളും റെറ സ്വീകരിക്കും. അഞ്ചു വര്‍ഷം മുന്‍പുവരെ നടന്നിട്ടുള്ള നിര്‍മാണങ്ങള്‍ക്കെതിരേയുള്ള പരാതികള്‍ റെറയ്ക്ക് സ്വീകരിക്കാം. ഗൗരവമേറിയ നിയമ ലംഘനങ്ങള്‍ക്കെതിരേ സ്വമേധയാ പരാതി സ്വീകരിക്കാനും ചില സാഹചര്യങ്ങളില്‍ അന്വേഷണം നടത്താനും റെറയ്ക്ക് അധികാരമുണ്ട്. അതോറിറ്റിയില്‍ പരിഹാരമാകാത്ത വിഷയങ്ങള്‍ അപ്പലേറ്റ് ട്രിബ്യൂണലിലേക്ക് വിടും. റെറ ഇടപെടല്‍ ശക്തമാകുന്നതോടെ പെര്‍മിറ്റിനു മുന്നോടിയായി അഡ്വാന്‍സ് വാങ്ങുന്നതടക്കമുള്ള കാര്യങ്ങള്‍ ഇല്ലാതാകുമെന്നാണ് പി.എച്ച്. കുര്യന്‍ പറയുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close