സര്‍ക്കാരിന് 57,128 കോടി രൂപ ലാഭവിഹിതം നല്‍കും: റിസര്‍വ് ബാങ്ക്

സര്‍ക്കാരിന് 57,128 കോടി രൂപ ലാഭവിഹിതം നല്‍കും: റിസര്‍വ് ബാങ്ക്

രാംനാഥ് ചാവ്‌ല-
മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തിലെ ലാഭവിഹിതമായി 57,128 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി.
കൊവിഡ് 19 മഹാമാരി വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍, സര്‍ക്കാരിന്റെ വരുമാന ശേഖരണത്തെ ബാധിച്ചതിനാല്‍ ഏപ്രില്‍-ജൂണ്‍ കാലയളവില്‍ സര്‍ക്കാരിന്റെ ധനക്കമ്മി റെക്കോര്‍ഡ് നിലയായ 6.62 ലക്ഷം കോടി രൂപയിലെത്തിയ സമയത്താണ് ഈ നടപടി.
മാന്ദ്യം പിടിമുറുക്കിയതോടെ റിസര്‍വ് ബാങ്കില്‍നിന്നും മറ്റു പൊതുമേഖല സ്ഥാപനങ്ങളില്‍ 60,000 കോടി രൂപയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ലാഭവിഹിതമായി ആവശ്യപ്പെട്ടിരുന്നത്. എല്ലാ വര്‍ഷവും സര്‍ക്കാരിന്റെ സാമ്പത്തിക ലക്ഷ്യം കൈവരിക്കുന്നതിനായി റിസര്‍വ് ബാങ്ക് ഒരു തുക ലാഭവിഹിതം നല്‍കിവരുന്നുണ്ട്.
നിലവിലെ സാമ്പത്തിക സ്ഥിതി, ആഗോളആഭ്യന്തര വെല്ലുവിളികള്‍, കൊവിഡ് 19 മഹാമാരിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള ധന, നിയന്ത്രണ, മറ്റു നടപടികള്‍ എന്നിവ അവലോകനം ചെയ്ത ശേഷമാണ് 57,128 കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറാന്‍ റിസര്‍വ് ബാങ്ക് ബോര്‍ഡ് അംഗീകാരം നല്‍കിയത്. ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ നേതൃത്വത്തില്‍ 584-ാമത് യോഗം ചേര്‍ന്ന റിസര്‍വ് ബാങ്ക് സെന്‍ട്രല്‍ ബോര്‍ഡ് കണ്‍ടിന്‍ജന്‍സി റിസ്‌ക് ബഫര്‍ 5.5 ശതമാനമായി നിലനിര്‍ത്താനും തീരുമാനിച്ചിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close