ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വച്ചു

ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വച്ചു

വിഷ്ണു പ്രതാപ്-
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു. കേന്ദ്ര സര്‍ക്കാരുമായുള്ള ഭിന്നതക്കിടെയാണ് രാജി. 2019 സെപ്റ്റംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണു പ്രഖ്യാപനം.
ഇത് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും വന്‍ തിരിച്ചടിയാണ്. അതേസമയം വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഉര്‍ജിത് പട്ടേല്‍ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരുതല്‍ ശേഖരം, റിസര്‍വ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരും പട്ടേലും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇടപെടല്‍ ആര്‍ബിഐ കൂടിവരുന്ന സാഹചര്യത്തില്‍ ഒന്നുകില്‍ രാജിവെക്കുക ഇല്ലെങ്കില്‍ സര്‍ക്കാരിന് വഴങ്ങുക എന്ന വഴി മാത്രമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് മുംബൈയില്‍ ഒന്‍പത് മണിക്കൂര്‍ നീണ്ട യോഗം ചേര്‍ന്നിരുന്നു. 25 കോടി വരെയുള്ള ചെറുകിട വ്യാപാരങ്ങള്‍ക്കുള്ള വായ്പകള്‍ക്കുള്ള പുതിയ ഘടനയും സര്‍പ്ലസ് റിസര്‍വുകള്‍ക്കായി പുതിയ പാനലിനെ നിയോഗിക്കുകയും ചെയ്തിരുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് വഴി 8000 കോടി നിക്ഷേപിക്കാനും ആര്‍ബിഐ നവംബര്‍ 22ന് തീരുമാനിച്ചിരുന്നു. 2016 സെപ്റ്റംബറില്‍ രഘുറാം രാജന്റെ ഒഴിവിലാണ് ഡപ്യൂട്ടി ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേല്‍ ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുത്തത്.

Post Your Comments Here ( Click here for malayalam )
Press Esc to close