എസ്ബിഐ എടിഎമ്മിലെ 12 ലക്ഷം രൂപ എലി നശിപ്പിച്ചു

എസ്ബിഐ എടിഎമ്മിലെ 12 ലക്ഷം രൂപ എലി നശിപ്പിച്ചു

വിഷ്ണു പ്രതാപ്
ഗുവാഹത്തി: എ.ടി.എമ്മിലെ 12 ലക്ഷം രൂപയുടെ കറന്‍സി നോട്ടുകള്‍ കടിച്ചുകീറി എലികളുടെ നോട്ടുനിരോധനം. ആസാമിലെ ടിന്‍സൂക്കിയ ജില്ലയിലെ എസ്ബിഐയിലാണ് സംഭവം.
ലായ്പുലി ഏരിയയിലെ എ.ടി.എം സാങ്കേതിക തകരാറുകളെ തുടര്‍ന്ന് കഴിഞ്ഞ മേയ് 20 മുതല്‍ അടച്ചിട്ടിരിക്കുകയായിരുന്നു. എന്നാല്‍ അടച്ചിട്ട മുറിക്കുള്ളില്‍ മൂഷിക സേന പണി തുടങ്ങിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. ജൂണ്‍ 11ന് അറ്റകുറ്റപ്പണികള്‍ക്കായി എ.ടി.എമ്മിന്റെ വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കറന്‍സി നോട്ടുകള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ എലികള്‍ കടിച്ചുമുറിച്ചിരിക്കുന്നു. 12,38,000 രൂപയുടെ കറന്‍സി നോട്ടുകള്‍ എലി കടിച്ചു മുറിച്ചതായാണ് ബാങ്കിന്റെ കണക്ക്. ഗുവാഹത്തിയിലെ സ്വകാര്യ ഏജന്‍സി മേയ് 19നാണ് 29 ലക്ഷം രൂപ എ.ടി.എമ്മില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ പിറ്റേ ദിവസം മുതല്‍ എ.ടി.എമ്മിന്റെ പ്രവര്‍ത്തനം മുടങ്ങി. എലി കടിച്ചു മുറിച്ചതില്‍ നിന്നും ഏതാണ്ട് 17 ലക്ഷം രൂപ വീണ്ടെടുക്കാനായെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ എ.ടി.എമ്മിനുള്ളില്‍ കറന്‍സി നോട്ടുകള്‍ എലി കടിച്ചുമുറിച്ചെന്ന വിശദീകരണത്തില്‍ സംശയമുണ്ടെന്ന് നാട്ടുകാരില്‍ ചിലര്‍ പ്രതികരിച്ചു. സാങ്കേതിക തകരാറുകള്‍ സംഭവിച്ചിട്ടും അത് പരിഹരിക്കാന്‍ വൈകിയതെന്തെന്നാണ് നാട്ടുകാരുടെ ചോദ്യം. ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ നശിച്ച സംഭവത്തിന് പിന്നില്‍ എലികള്‍ മാത്രമായിരിക്കില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close