രണ്ടാമൂഴം; മഞ്ഞുരുക്കാന്‍ ശ്രീകുമാര്‍ മേനോന്‍

രണ്ടാമൂഴം; മഞ്ഞുരുക്കാന്‍ ശ്രീകുമാര്‍ മേനോന്‍

ഫിദ-
കോഴിക്കോട്: രണ്ടാമൂഴം സിനിമയുടെ തിരക്കഥ തിരിച്ചുലഭിക്കാന്‍ സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ നടപടി സ്വീകരിച്ചതോടെ അനുനയ നീക്കവുമായി സംവിധായകന്‍ ശ്രീകുമാര്‍ മോനോന്‍. ഇന്നലെ രാത്രി ശ്രീകുമാര്‍ മേനോന്‍ എം.ടി. വാസുദേവന്‍ നായരെ കണ്ടു. എം.ടിയുടെ വീട്ടിലെത്തിയാണ് കൂടിക്കാഴ്ച നടത്തിയത്. സിനിമ വൈകുന്നതില്‍ എം.ടിയോട് ക്ഷമചോദിച്ചെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
എം.ടിയുടെ നോവലായ രണ്ടാമൂഴത്തിന്റെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സിനിമയൊരുക്കുന്നതു കഴിഞ്ഞ ദിവസം കോടതി തടഞ്ഞിരുന്നു. എം.ടിയുടെ ഹര്‍ജിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതിയാണ് നടപടി സ്വീകരിച്ചത്.
തിരക്കഥ നല്‍കി നാലുവര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രണ്ടാമൂഴം സിനിമയില്‍നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍വാങ്ങിയത്. സിനിമക്കായി തയാറാക്കിയ തിരക്കഥ തിരികെ ലഭിക്കണമെന്നും തിരക്കഥ കൈമാറുമ്പോള്‍ മുന്‍കൂറായി വാങ്ങിയ പണം തിരികെ നല്‍കുമെന്നും എം.ടി ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.
താന്‍ വര്‍ഷങ്ങളുടെ ഗവേഷണം നടത്തിയാണ് തിരക്കഥ പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഈ ആത്മാര്‍ഥത ചിത്രത്തിന്റെ അണിയറക്കാര്‍ കാണിച്ചില്ലെന്ന് എം.ടി പറയുന്നു.
ശ്രീകുമാര്‍ മേനോന്‍ ആണ് നിര്‍ദിഷ്ട സിനിമയുടെ സംവിധായകന്‍. നിര്‍മാതാവ് ബി.ആര്‍. ഷെട്ടിയും. 2019 ജൂലൈയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും ഒടുവില്‍ നിര്‍മാതാവ് അറിയിച്ചിരുന്നത്.
ഇന്ത്യന്‍ സിനിമയില്‍ ചരിത്രം കുറിച്ച് 1,000 കോടി രൂപ ചെലവിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം പറയുന്നു. എം.ടിയുടെ വിഖ്യാതമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close