പൂജക്ക് മൂന്നു ചിത്രങ്ങള്‍

പൂജക്ക് മൂന്നു ചിത്രങ്ങള്‍

ഫിദ
പൂജാ ഉത്സവ സീസണില്‍ മലയാളത്തില്‍ മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങുന്നു. ദിലീപിന്റെ രാമലീല, മഞ്ജു വാര്യര്‍ ചിത്രം ഉദാഹരണം സുജാത, ബിജു മേനോന്റെ ഷെര്‍ലക് ടോംസ് എന്നിവ 28നും 29നുമായി തിയേറ്ററുകളിലെത്തും. മുന്‍ ഭാര്യഭര്‍ത്താക്കന്മാരായ ദിലീപും മഞ്ജു വാര്യരും ഇവരുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്ന ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പൂജ റിലീസിനെത്തുന്നത് എന്നതാണ് കൗതുകം.
രാഷ്ട്രീയ പ്രവര്‍ത്തകന്റെ വേഷമാണ് ദിലീപ് അവതരിപ്പിക്കുന്നത്. സച്ചി തിരക്കഥ രചിച്ചിരിക്കുന്നു. പ്രയാഗ മാര്‍ട്ടിനാണ് നായിക. തമിഴ് നടി രാധികാ ശരത്കുമാര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മുകേഷ്, സിദ്ദിഖ്, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഷാജികുമാര്‍ ഛായാഗ്രഹണവും ഗോപി സുന്ദര്‍ സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് രാമലീല റിലീസ് ചെയ്യുന്നത്.
നവാഗതനായ ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദാഹരണം സുജാത. കോളനിയില്‍ ജീവിക്കുന്ന സുജാത എന്ന കഥാപാത്രത്തെയാണ് മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്നത്. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. നവീന്‍ ഭാസ്‌കറും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് തിരക്കഥ രചിച്ചിരിക്കുന്നു. നെടുമുടി വേണു, അലന്‍സിയര്‍, ജോജു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മംമ്ത മോഹന്‍ദാസ് അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കാമറ: മധു നീലകണ്ഠന്‍, സംഗീതം: ഗോപിസുന്ദര്‍.
അതേസമയം ടു കണ്‍ട്രീസിനു ശേഷം ഷാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെര്‍ലക്ക് ടോംസ്. മിയയാണ് നായിക, ഫണ്‍ എന്റര്‍ടെയ്‌നറായ ചിത്രം നിര്‍മ്മിക്കുന്നത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ്. നജീം കോയയുടേതാണ് കഥ. സച്ചി സംഭാഷണം ഒരുക്കുന്നു. നജീം, സച്ചി, ഷാഫി എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ രചിക്കുന്നത്. സ്രിന്‍ഡ, സലിം കുമാര്‍, വിജയരാഘവന്‍, സുരേഷ് കൃഷ്ണ, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close