വരികളുടെ കുറുകലിലാണ് രാജേഷ് നന്ദിയംകോടിന്റെ കവിതകള്‍ ജനിക്കുന്നതും ജീവിക്കുന്നതും. അദ്ദേഹത്തിന്റെ ‘ മമ്പണി ‘ എന്ന പുസ്തകം കൊച്ചുകവിതകളുടെ ഒരു വലിയകൂമ്പാരം തന്നെയാണ്. സൂക്ഷ്മമായ നിരീക്ഷണം, ഉറുമ്പിലൂടെ വെളിവാകുന്ന പ്രപഞ്ചം ഇവയെല്ലാം ചേര്‍ന്ന് കവി പരകായ പ്രവേശം നടത്തുന്നത് പലയിടത്തും കാണാം. ഗ്രാമവും ഗ്രാമബിംബങ്ങളും കവിനെഞ്ചോട് ചേര്‍ക്കുമ്പോള്‍ തന്നെ നഗരവും നഗരബിംബങ്ങളും കവിയെ അല്‍സരപ്പെടുത്തുന്നതായും നമുക്ക് കാണാം. ഗ്രാമം അന്നും ഇന്നും എന്നും നിഷ്‌കളങ്കതയുടെയും ശാന്തതയുടെയും ഭൂമികയാകുമ്പോള്‍ നഗരം ഇതിന് എതിര്‍പ്പാതിയായി നിലകൊള്ളുന്നു രാജേഷ് നന്ദിയംകോടിന്റെ കവിതകളില്‍ . രാജേഷിന്റെ പല കവിതകളിലും ശക്തമായി തെളിയുന്ന ബിംബമാണ് ഉറുമ്പ്. ഉറുമ്പിന്റെ കാഴ്ചകളിലൂടെയും ശാരീരിക മാറ്റങ്ങളിലൂടെയും കവി കാണുന്നത് പലപ്പോഴും തന്നെത്തന്നെയാണ് . അല്‍പ്പ ശരീരികളായ ഉറുമ്പുകള്‍ എപ്പോഴും കവിക്ക് ശക്തിയുടെയും ഊര്‍ജ്ജത്തിന്റെയും പുതു ജന്മത്തിന്റെയും പ്രതീകമാണ്. ‘ ഒരു വീടാകുമ്പോള്‍ ‘ എന്ന കവിതയുടെ തുടക്കത്തില്‍ ,
‘ഉമ്മറത്തിണ്ണയില്‍
തൂവിപ്പോയ
ചായത്തുള്ളികള്‍ക്ക്
ചുറ്റിനു മുറുമ്പുകള്‍ ;
തടാകക്കരയില്‍
കാടിറങ്ങിവന്ന്
വെള്ളം കുടിക്കുന്ന
കാട്ടാനക്കൂട്ടം പോലെ ‘
വീടിനെക്കുറിച്ചും അവിടുത്തെ പരുഷയാഥാര്‍ത്യത്തെക്കുറിച്ചും പറഞ്ഞ ശേഷം കവിത അവസാനിക്കുന്നതും ഉറുമ്പിലാണ് .
‘ മഴ നനവില്‍
തറ തുരന്നെത്തിയ
ചിറകുമുളച്ച ഉറുമ്പുകള്‍
അകം നിറയെ .’
എന്ന പ്രതീക്ഷാനിര്‍ഭരമായ ഭാവിയെയാണ് ഉറമ്പിലൂടെ കവി സ്വപ്‌നംകാണുന്നത് . മറ്റ് പല കവിതകളിലും ‘ ഉറുമ്പ് ‘ എന്ന ബിംബം പല വിധത്തിലും ഭാവത്തിലും കടന്നു വരുന്നതായി കാണാം. ഗഹനമായ തത്ത്വചിന്തകള്‍ ലളിതമായ വരികളിലൂടെയാണ് രാജേഷ് കോറിയിടുന്നത്. ‘മണ്ണിനടിയില്‍ മഴ ‘ എന്ന കവിതതന്നെ ഇതിനുദാഹരണം .
‘വെള്ളം
തേടിപ്പോയ
വേരുകള്‍ അറിഞ്ഞില്ല
മിന്നേറില്‍
തലപോയ കാര്യം ‘
പട്ടു പോയ പനയും അതറിയാതെ പ്രതീക്ഷയുടെ ആഴങ്ങള്‍ തേടിക്കൊണ്ടേയിരിക്കുന്ന വേരുകളും ജീവിതത്തിന്റെ നേര്‍പ്പാതി തന്നെയാണ് നമുക്ക് വെളിവാക്കുന്നത് . അതുപോലെത്തന്നെ തച്ചന്റെ മനസ്സും രാജേഷിന്റെ കവിതകളില്‍ പ്രകടമാണ് . തൊഴിലിലേര്‍പ്പെടുമ്പോഴും മനസ്സില്‍ കവിതയുടെ ആളലുമായാണ് രാജേഷ് നന്ദിയംകോട് ജീവിക്കുന്നത്. ചിതറിത്തെറിക്കുന്ന ചീളുകള്‍ക്കിടയിലും കവി കണ്ടെത്തുന്നത് കവിത തന്നെയാണ്. ‘ ഉളിയുടെ സങ്കടം ‘ എന്ന കവിതയില്‍ അദ്ദേഹം പറയുന്നുണ്ട് ,
‘ തച്ചന്റെ നിശ്വാസങ്ങളാണ്
ചിതല്‍പ്പുറ്റായ്
ഹൃദയങ്ങളിലേക്ക്
അടര്‍ന്ന് വീഴാറ് ‘
………………..
………………..
‘എല്ലാ ദേവാലയങ്ങളുടെ
ചുവരുകളിലും
മേല്‍ക്കൂരകളിലും
തച്ചന്റെ സങ്കടങ്ങള്‍
പതിയിരിപ്പുണ്ട് .’
രാജേഷ് നന്ദിയംകോടിന്റെ കവിതകള്‍ വായിക്കാത്തവര്‍ വായിക്കണം. പഴയ സമാഹാരങ്ങളിലെ ചില പ്രധാന കവിതകള്‍ കൂടി ചേര്‍ത്താണ് ‘മമ്പണി ‘ ഒരുക്കിയിട്ടുള്ളത് . മലയാളിത്തം മായാത്ത കവിതകള്‍ മലയാളി വായിച്ചാല്‍ ഇഷ്ട്ടപ്പെടുമെന്നുറപ്പ് .
രാജേഷ് ബി മേനോന്‍