സിനിമ താരങ്ങളുടേയും നിര്‍മാതാക്കളുടേയും വീടുകളിലെ റെയ്ഡില്‍ കേടികളുടെ അനധികൃത രേഖകള്‍ കണ്ടെത്തി

സിനിമ താരങ്ങളുടേയും നിര്‍മാതാക്കളുടേയും വീടുകളിലെ റെയ്ഡില്‍ കേടികളുടെ അനധികൃത രേഖകള്‍ കണ്ടെത്തി

രാംനാഥ് ചാവ്‌ല-
ബംഗലൂരു: കര്‍ണാടകയിലെ സിനിമ താരങ്ങളുടേയും നിര്‍മാതാക്കളുടേയും വീടുകളില്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ 109 കോടിയോളം രൂപയുടെ അനധികൃത വരുമാനം സംബന്ധിച്ച രേഖകള്‍ കണ്ടെത്തി. 180 ഉദ്യോഗസ്ഥര്‍ കര്‍ണാടകയുടെ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിലാണ് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ രേഖകള്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡും പരിശോധനയും ആരംഭിച്ചത്.
11 കോടി രൂപയുടെ വെളിപ്പെടുത്താത്ത സ്വത്തുവകകളും കണ്ടെടുത്തിട്ടുണ്ട്. ഇതില്‍ 25.3 കിലോ സ്വര്‍ണവും 2.85 കോടി രൂപയും ഉള്‍പ്പെടും. നിര്‍മാതാക്കളായ വിജയ് കിരഗന്‍ഡുര്‍, സി.ആര്‍.മനോഹര്‍, പുനീത് രാജ്കുമാര്‍, റോക്ക്‌ലൈന്‍ വെങ്കടേഷ്, നടന്മാരായ ശിവ രാജ്കുമാര്‍, യാഷ്, സുദീപ് എന്നിവരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. റെയ്ഡ് നടത്തുന്നതിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് മാസങ്ങളായി ഇതുമായി ബന്ധപ്പെട്ട പരിശോധനകളും അന്വേഷണവും നടത്തി വരികയായിരുന്നുവെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി താരങ്ങളെയും നിര്‍മാതാക്കളേയും വരുംദിവസങ്ങളില്‍ വിളിച്ച് വരുത്തിയേക്കും. അതേസമയം പരിശോധന പൂര്‍ണമാകുമ്പോഴേക്കും 109 കോടി രൂപയുടെ അനധികൃത സ്വത്ത് എന്നത് ഇനിയും ഉയര്‍ന്നേക്കുമെന്നും സൂചനയുണ്ട്. തിയേറ്ററുകളില്‍ ടിക്കറ്റ് വിറ്റഴിച്ച വകയില്‍ ലഭിച്ച പണം വെളിപ്പെടുത്താതെ നികുതി വെട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ മറ്റ് ഏജന്‍സികള്‍ക്ക് കൈമാറും. സിനിമകളുടെ നിര്‍മാണം, വിതരണം, ടിക്കറ്റ്, സാറ്റലൈറ്റ് റൈറ്റില്‍ നിന്നുള്ള വരുമാനം തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.