നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് അധികബാധ്യത വരുത്തി: രഘുറാം രാജന്‍

നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് അധികബാധ്യത വരുത്തി: രഘുറാം രാജന്‍

അളക ഖാനം
ന്യൂഡല്‍ഹി: നോട്ട് നിരോധനം റിസര്‍വ് ബാങ്കിന് പലിശയിനത്തില്‍ അധികബാധ്യത വരുത്തിയെന്ന് ആര്‍ ബി ഐ മുന്‍ ഗവര്‍ണറും സാമ്പത്തികവിദഗ്ധനുമായ രഘുറാം രാജന്‍. നോട്ട് നിരോധനത്തെ തുടര്‍ന്ന് അനിയന്ത്രിയമായ അളവിലാണ് പണം ബാങ്കിങ് മേഖലയിലേക്ക് തിരികെയെത്തിയത്. ഈ പണം ബാങ്കുകളും റിസര്‍വ് ബാങ്കും തമ്മിലുള്ള ക്രയവിക്രയത്തില്‍ ഉള്‍പ്പെട്ടു.
അങ്ങനെ റിവേഴ്‌സ് റിപ്പോ ഇനത്തില്‍ പതിനായിരത്തിലധികം കോടിയാണ് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കേണ്ടി വരുന്നത്. നിരോധിക്കപ്പെട്ട ഉയര്‍ന്നമൂല്യമുള്ള നോട്ടുകളില്‍ 99 ശതമാനം തിരികെയെത്തിയതായി റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.
കള്ളപ്പണം കൈവശം വച്ചിരുന്നവര്‍ക്ക് പണം നിയമവിധേയമാക്കാനും അതിന് പലിശ ലഭിക്കാനുമുള്ള അവസരം സൃഷ്ടിക്കപ്പെട്ടു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 24000 കോടിയുടെ അധികബാധ്യത ഒരുവര്‍ഷമുണ്ടായേക്കുമെന്ന് രഘുറാം രാജന്‍ വിലയിരുത്തി.
നോട്ട് നിരോധനത്തിന്റെ സമയത്ത് നാലുലക്ഷം കോടിയിലധികം കള്ളപ്പണം സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നെന്നാണ് കണക്കുകള്‍. ബാങ്കുകളില്‍ നിക്ഷേപിക്കപ്പെടാതെ ആളുകളുടെ കൈവശമിരുന്ന പണത്തിന് പലിശ ലഭിക്കാറുണ്ടായിരുന്നില്ല.
എന്നാല്‍ അത് നിയമവിധേയമാവുകയും ബാങ്കുകളില്‍ എത്തുകയും ചെയ്തതോടെ പണത്തിന്പലിശ ലഭിച്ചു തുടങ്ങി. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പാക്കിയത്. 15.46 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് നിരോധിച്ചത്.
കണക്കില്‍പെടാത്ത മൂന്നുലക്ഷം കോടി തിരികെ വരില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. അങ്ങനെയെങ്കില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ തുക റിസര്‍വ് ബാങ്കിനു വകയിരുത്താന്‍ സാധിച്ചേനെയെന്നും രാജന്‍ പറഞ്ഞു.

 

Post Your Comments Here ( Click here for malayalam )
Press Esc to close