പുതിയ വ്യാപാര മേഖലകള്‍ തേടി ഖത്തര്‍

പുതിയ വ്യാപാര മേഖലകള്‍ തേടി ഖത്തര്‍

അളക ഖാനം-
ദോഹ: എണ്ണപ്രകൃതിവാതക മേഖലകളിലെ ആശ്രിതത്വത്തില്‍ നിന്നുമാറി സാമ്പത്തിക വൈവിധ്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ ഖത്തറിന്റെ പുതിയ നീക്കം. വിവിധ രാജ്യങ്ങളില്‍ പുതുതായി ഉണ്ടാകുന്ന വ്യാപാര അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തുന്ന പദ്ധതികളാണ് രജ്യം നടപ്പാക്കുന്നത്. ഏഷ്യന്‍, ആഫ്രിക്കന്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഉള്‍പ്പടെ പുതുതായി വ്യാപാരമേഖലകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഇതുവരെ ഉപയോഗപ്പെടുത്താത്ത ലാഭകരമായ വ്യാപാരമേഖലകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തും.
ഇതിനായി ദീര്‍ഘകാല പദ്ധതി തയാറാക്കുന്നതായി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓക്‌സ്‌ഫോര്‍ഡ് ബിസിനസ് ഗ്രൂപ്പിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനായി സാമ്പത്തിക മേഖലക്കൊപ്പം സാങ്കേതിക മേഖലയും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ വിദേശരാജ്യങ്ങളിലെ നിക്ഷേപാവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും.
ഇതിന് നിലവിലുള്ള പ്രതിബന്ധങ്ങള്‍ തരണം ചെയ്ത് മത്സരക്ഷമത വര്‍ധിപ്പിക്കുകയും രാജ്യാന്തര വ്യാപാരം ശക്തമാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവ് ഉയര്‍ത്താന്‍ ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അടുത്തിടെ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പാക്കിവരുന്നുണ്ട്. ചെറുകിട നിക്ഷേപകര്‍ക്ക് പൂര്‍ണ സുരക്ഷിതത്വം ഖത്തര്‍ ഉറപ്പാക്കുന്നു. 2030 ആകുമ്പോഴേക്കും എണ്ണ, പ്രകൃതിവാതക ആശ്രിതത്വത്തില്‍ നിന്നു മാറി ഖത്തറിനെ വികസിത വൈജ്ഞാനിക സമൂഹമാക്കുകയാണ് ലക്ഷ്യം.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.