കണ്ണടച്ച് തുറന്നപ്പോള്‍ കൈവന്ന പ്രശസ്തി

കണ്ണടച്ച് തുറന്നപ്പോള്‍ കൈവന്ന പ്രശസ്തി

ഗായത്രി
കൊച്ചി: തൃശൂര്‍ പൂങ്കുന്നം സ്വദേശിനി പ്രിയ പ്രകാശ് വര്യര്‍ എന്ന സുന്ദരി ഇപ്പോള്‍ അത്ഭുതലോകത്തെത്തിയ ആലീസിനെപോലെ അന്തംവിട്ടിരിക്കുകയാണ്. മറ്റൊന്നും കൊണ്ടല്ല ഒന്നിരുട്ടിവെളുത്തപ്പോള്‍ ലഭിച്ച അസാധാരണപ്രശസ്തിയെ ഓര്‍ത്താണെന്ന് മാത്രം. കേരളത്തിലും ഇന്ത്യയിലും മാത്രമല്ല, ഈജിപ്തിലും ടുണീഷ്യയിലും പാക്കിസ്ഥാനിലും വരെ പ്രിയയുടെ കണ്ണിറുക്കല്‍ വൈറലോടു വൈറലാവുകയാണ്.
ഇന്ത്യയുടെ വാലന്റൈന്‍സ് ദിന ഐക്കണായിവരെയാണ് ഈ തൃശൂര്‍ വിമലാ കോളജിലെ ഈ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന സിനിമയുടെ പ്രചാരണത്തിനായി യുട്യൂബില്‍ റിലീസ് ചെയ്ത മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ലോകത്തൊരു പുതുമുഖ അഭിനേതാവും നേടാത്ത ശ്രദ്ധ നേടുന്നത്. പ്രിയയുടെ കണ്ണിറുക്കലും പുരികം വളക്കലുമാണ് ലോകയുവത്വത്തിന്റെ മനംകവര്‍ന്നത്.
‘ജീവിതം ഒരൊറ്റ ദിവസം കൊണ്ട്, ഒരൊറ്റ സീന്‍ കൊണ്ട് മാറിമറിഞ്ഞു. ഒരു ദിവസം കൊണ്ട് ഇത്രയൊക്കെ സംഭവിക്കുമെന്ന് ഞാന്‍ കരുതിയില്ല. പാട്ട് പുറത്തിറങ്ങിയത് മുതല്‍ ഒരുപാട് പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചു. വലിയ സന്തോഷം തോന്നി. ഒരുപാട് മെസേജുകള്‍ വരുന്നുണ്ട്. എല്ലാവരോടും നന്ദിയുണ്ട്. ഭയങ്കര എക്‌സൈറ്റഡാണ് പ്രിയ പറഞ്ഞു.
പ്രിയക്കൊപ്പം നായകനായ റോഷനും തരംഗമായി. എല്ലാം ഒമറിക്കയുടെ കഴിവെന്നാണ് റോഷന്‍ അബ്ദുള്‍ റഹൂഫിന്റെ അഭിപ്രായം. പുരികം ഉയര്‍ത്തിയുള്ള എക്‌സ്പ്രഷന്‍ അത് ഇത്ര പെര്‍ഫക്ടായി വരുമെന്നോ ഇത്ര ഹിറ്റാവുമെന്നോ വിചാരിച്ചില്ലെന്നും റോഷന്‍ പറയുന്നു. റോഷന്‍ ഗുരുവായൂര്‍ ഐ.സി.ജെ. കോളജില്‍ ബി.സി.എ. വിദ്യാര്‍ത്ഥിയാണ്.
ഫോട്ടോഷെയറിംഗ് സാമൂഹികമാധ്യമായ ഇന്‍സ്റ്റാഗ്രാമില്‍ 19 ലക്ഷം ഫോളോവേഴ്‌സുമായി ദുല്‍ഖര്‍ സല്‍മാനായിരുന്നു മലയാളത്തിലെ സെലിബ്രിറ്റികളില്‍ ഒന്നാമത്. എന്നാല്‍ ഈ പാട്ടിറങ്ങി നാലുദിവസം കൊണ്ട് 21 ലക്ഷം ഫോളോവേഴ്‌സിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രിയ ഒന്നാമതെത്തി. അതും വീണ്ടും മുന്നോട്ടുകുതിച്ചുകൊണ്ടിരിക്കുകകയാണ്. സണ്ണി ലിയോണിനെയും ദീപിക പദുക്കോണിനെയും പിന്നിലാക്കിയാണ് പ്രിയയുടെ കുതിപ്പ്. എന്തിനേറെ പറയുന്നു പാക്കിസ്ഥാനി മാധ്യമങ്ങളില്‍ പോലും ഗാനവും പ്രിയാ വാര്യരും ചര്‍ച്ചാവിഷയമായിരുന്നു. ഇന്ത്യന്‍ യുവത്വത്തിന്റെ തിളങ്ങുന്ന പ്രതീകം എന്നാണ് പാക്കിസ്ഥാനി മാധ്യമങ്ങള്‍ പ്രിയയെ വിശേഷിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം അഭിനയിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച പോസ്റ്റിനും മിനുറ്റുകള്‍ക്കകം മൂന്നരലക്ഷത്തിലേറെ ലൈക്ക് കിട്ടി.
അതിനിടെ ഗാനം നിരോധിക്കണമെന്നാവശ്യപ്പെട്ട് മുംബൈ ആസ്ഥാനമായ റാസ അക്കാദമി സെന്‍സര്‍ ബോര്‍ഡിനെ സമീപിച്ചു. ഗാനത്തില്‍ പ്രവാചക നിന്ദയുണ്ടെന്നും ഇത് വിശ്വാസികളുടെ വികാരം വൃണപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടിയാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ചെയര്‍മാന്‍ പ്രസൂണ്‍ ജോഷിക്ക് കത്ത് നല്‍കിയത്. ഗാനം പിന്‍വലിക്കാന്‍ ബോര്‍ഡ് തയാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും സംഘടന കത്തില്‍ വ്യക്തമാക്കുന്നു.
നേരത്തെ, പ്രവാചകനിന്ദ ആരോപിച്ച് ഒരുകൂട്ടം യുവാക്കള്‍ നല്‍കിയ പരാതിയിന്മേല്‍ ഹൈദരാബാദ് പോലീസ് ചിത്രത്തിന്റെ സംവിധായകന്‍ ഒമര്‍ ലുലുവിനെതിെര കേസെടുത്തിരുന്നു.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES