അവശ്യ സാധനങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും

അവശ്യ സാധനങ്ങള്‍ തൊട്ടാല്‍ കൈ പൊള്ളും

കൊച്ചി: ഇന്ധന വിലക്കൊപ്പം സംസ്ഥാനത്ത് അവശ്യ സാധനങ്ങള്‍ക്കും വില കയറുന്നു. ഓണം കഴിഞ്ഞതോടെ പഴം, പച്ചക്കറി ഇനങ്ങളില്‍ ചിലതിന് വില കുറഞ്ഞു തുടങ്ങിയെങ്കിലും അരി, ഉള്ളി, വെളിച്ചെണ്ണ, ശര്‍ക്കര തുടങ്ങിയ പല ഇനങ്ങളുടെയും ഉയര്‍ന്നു നില്‍ക്കുകയാണ്. ഇന്ധനവില സര്‍വകാല റെക്കോഡിലേക്ക് നീങ്ങുമ്പോള്‍ വരും ദിവസങ്ങളില്‍ വിലക്കയറ്റം കൂടുതല്‍ ഉല്‍പന്നങ്ങളെ ബാധിക്കാനാണ് സാധ്യത.
സര്‍ക്കാര്‍ ഇടപെടലും വിലക്കയറ്റം തടയാന്‍ സഹായകമായിട്ടില്ല. രണ്ടര മാസത്തിനിടെ പെട്രോള്‍ വില ഏഴ് മുതല്‍ ഒമ്പത് രൂപ വരെയും ഡീസല്‍ വില അഞ്ച് രൂപയിലധികവും വര്‍ധിച്ചു. ജൂലൈ ഒന്നിന് പെട്രോള്‍ വില ലിറ്ററിന് 65.69 രൂപയും ഡീസലിന് 57.11 രൂപയുമായിരുന്നു.
പാചകവാതക വിലയിലും ഗണ്യമായ വര്‍ധനവുണ്ടായി. സബ്‌സിഡി സിലിണ്ടറിന് ജൂലൈ ഒന്നിന് 473 രൂപയായിരുന്നത് ഇപ്പോള്‍ 489 രൂപയാണ്. ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ യാത്രനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസുടമകള്‍ 14ന് സമരം തുടങ്ങുകയാണ്. വാടക ഉയര്‍ത്തണമെന്ന് ലോറി ഉടമകളും ആവശ്യപ്പെടുന്നുണ്ട്.
ജൂലൈ ഒന്നിന് കിലോക്ക് 147 രൂപയായിരുന്ന വെളിച്ചെണ്ണ വില 175 രൂപയിലെത്തി. ചിലയിടങ്ങളില്‍ 180 രൂപ വരെ ഈടാക്കുന്നുണ്ട്. കൊപ്ര ക്ഷാമമാണ് വിലവര്‍ധനവിന് കാരണമായി പറയുന്നത്.
ഇന്നത്തെ നില തുടര്‍ന്നാല്‍ വൈകാതെ 200 രൂപയിലെത്തുമെന്നാണ് സൂചന. മിക്ക പച്ചക്കറി ഇനങ്ങള്‍ക്കും വില അല്‍പം താഴ്ന്നിട്ടുണ്ടെങ്കിലും ഉള്ളിവില ഇപ്പോഴും 8090 രൂപയില്‍ നില്‍ക്കുന്നു. വെള്ളക്കടല 140, കുത്തരി 50, പച്ചരി 3032, പഞ്ചസാര 4142 എന്നിങ്ങനെയാണ് കൊച്ചിയിലെ വില. കടലക്ക് ഗുണനിലവാരമനുസരിച്ച് 80 മുതല്‍ 100 രൂപ വരെ വിലയുണ്ട്.
ഏത്തക്കായക്ക് കിലോക്ക് 60 മുതല്‍ 66 രൂപ വരെയാണ് വില. ഞാലിപ്പൂവന്‍, കദളി ഇനങ്ങള്‍ക്ക് കിലോക്ക് 75 രൂപക്ക് മുകളിലാണ് വില. പഴം വിപണിയില്‍ ആപ്പിള്‍ വിലനിലവാരം 100110 രൂപയാണ്. ഇറക്കുമതി ചെയ്ത ആപ്പിളിന് 200 രൂപ വരെയും ഓറഞ്ചിന് 150200 രൂപയും വിലയുണ്ട്.
സ്വര്‍ണവില ഒരു മാസത്തിനിടെ പവന് 1200 രൂപ വര്‍ധിച്ചു. ഒരു മാസം മുമ്പ് പവന് 21,520 രൂപയായിരുന്നത് ഇപ്പോള്‍ 22,720 രൂപയാണ്. ചരക്ക് സേവന നികുതി (ജി.എസ്.ടി) നിലവില്‍ വരുമ്പോള്‍ നൂറിലധികം ഉല്‍പന്നങ്ങള്‍ക്ക് വില കുറയുമെന്ന് പറഞ്ഞിരുന്നെങ്കിലും പത്തെണ്ണത്തിന് മാത്രമേ കുറഞ്ഞിട്ടുള്ളൂ.

Post Your Comments Here ( Click here for malayalam )
Press Esc to close