ഫിദ-
കൊച്ചി: ഇന്ത്യയില്‍നിന്നുള്ള ചെമ്മീനിന് അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവര്‍ഷം ശരാശരി 300 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയക്കുന്നത്. കേരളത്തിന്റെ പൂവാലന്‍ ചെമ്മീനും കരിക്കാടിയും ആഴക്കടല്‍ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്.
അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വന്‍തോതില്‍ വില കുറയും. ഇപ്പോള്‍ത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും.
കയറ്റുമതി ഇനത്തില്‍ പെടുന്ന മത്സ്യങ്ങളില്‍നിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍നിന്ന് നൂറുകണക്കിന് ബോട്ടുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങള്‍ ഇറക്കുന്നത് കേരളത്തിലെ ലാന്‍ഡിംഗ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകള്‍ക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങള്‍ക്കാണ് തൊഴിലില്ലാതാകുക.
കേരളത്തിന്റെ സമ്പദ്ഘടനക്കും ഇത് ആഘാതമേല്‍പ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോള്‍ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ കേരള ഘടകം പ്രസിഡന്റ് അലക്‌സ് നൈനാന്‍ പറഞ്ഞു. അമേരിക്കയില്‍നിന്നുള്ള സംഘത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കടലാമകളെ ഒഴിവാക്കി ചെമ്മീന്‍ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കന്‍ സംഘം നിര്‍ദേശിക്കുന്ന വിധത്തില്‍ അത് പരിഷ്‌കരിക്കാന്‍ തയ്യാറാണെന്നും സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. രവിശങ്കര്‍ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്‌നം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.