സംസ്ഥാനത്ത് 500 പ്രവാസി സേവകേന്ദ്രങ്ങള്‍ വരുന്നു

സംസ്ഥാനത്ത് 500 പ്രവാസി സേവകേന്ദ്രങ്ങള്‍ വരുന്നു

ഗായത്രി
കൊച്ചി: പ്രവാസികള്‍ക്കാവശ്യമായ സേവനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്ത് 500 പ്രവാസി സേവകേന്ദ്രങ്ങള്‍ വരുന്നു. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന പ്രവാസിക്ഷേമ വികസന സഹകരണ സംഘമാണ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. മലപ്പുറം ജില്ലയിലെ 90 പഞ്ചായത്തുകളില്‍ മാര്‍ച്ച് 31ന് മുമ്പ് ഇവ തുറക്കും. പാസ്‌പോര്‍ട്ട് അപേക്ഷ കൊടുക്കുന്നത് മുതല്‍ പ്രവാസജീവിതം അവസാനിപ്പിച്ച് വന്നവര്‍ക്ക് പെന്‍ഷന്‍ വാങ്ങിക്കൊടുക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സേവകേന്ദ്രം വഴി നല്‍കും. വിദേശത്ത് മരിച്ചവരുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയാക്കും.
സര്‍ക്കാറിന് കീഴിലെ നോര്‍ക്ക, നോര്‍ക്ക റൂട്ട്‌സ്, പ്രവാസി ക്ഷേമനിധി ബോര്‍ഡ് എന്നിവയുടെ സേവനങ്ങളും ലഭ്യമാക്കും. ക്ഷേമനിധി അപേക്ഷ, അംശാദായം, നോര്‍ക്ക ഐ.ഡി കാര്‍ഡ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ അപേക്ഷ, പ്രവാസി നിയമസഹായം, പ്രവാസി പുനരധിവാസ പദ്ധതി എന്നിവയുടെ ഔദ്യോഗിക ഏജന്‍സി കൂടിയാണ് പ്രവാസി സേവകേന്ദ്രം.
പ്രവാസികള്‍ക്കും പൊതുസമൂഹത്തിനും ആവശ്യമായ പാന്‍ കാര്‍ഡ്, മണി ട്രാന്‍സ്ഫര്‍, ഫോറിന്‍ എക്‌സ്‌ചേഞ്ച്, വാഹന ഇന്‍ഷുറന്‍സ്, സര്‍ട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍, ഹജ്ജ്, ഉംറ, ബില്‍ പേയ്മന്റെുകള്‍, ഇരജിസ്‌ട്രേഷന്‍, ഇപേയ്മന്റെ് തുടങ്ങിയ സേവനങ്ങളും ലഭിക്കും.

 

Post Your Comments Here ( Click here for malayalam )
Press Esc to close