പ്രവാസിച്ചിട്ടിക്ക് തുടക്കം; 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും

പ്രവാസിച്ചിട്ടിക്ക് തുടക്കം; 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും

ഗായത്രി-
കൊച്ചി: കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിക്ക് തുടക്കമായി. ഈ മാസം 25 മുതല്‍ വരിസംഖ്യ സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഒരുമാസത്തിനകം ആദ്യലേലം നടക്കും. ലേലം ദുബായില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
63 കോടിരൂപ വില വരുന്ന 1100 ചിട്ടികളാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. 25, 30, 40, 50 മാസത്തവണകളുള്ള ചിട്ടികളാണിത്. 1000 രൂപമുതല്‍ ഒരുലക്ഷം രൂപ വരെയാണ് മാസ അടവ്. വരിസംഖ്യയടക്കുന്നതും ലേലവും ഓണ്‍ലൈന്‍ വഴിയാണ്.
ചിട്ടിയില്‍നിന്നുള്ള ദൈനംദിന മിച്ചം കിഫ്ബിയുടെ ബോണ്ടുകളില്‍ മുടക്കും. ചിട്ടിയില്‍ ചേരുന്നവര്‍ക്ക് തങ്ങളുടെ പണം മുടക്കാനുള്ള പദ്ധതി തെരഞ്ഞെടുക്കാം. അവരവര്‍ പഠിച്ച സ്‌കൂള്‍ ഹൈടെക് ആക്കാനോ നാട്ടിലെ ആശുപത്രികള്‍ മെച്ചപ്പെടുത്താനോ ഒക്കെ നറുക്കുവീഴുന്നതുവരെ ഈ പണം ഉപയോഗിക്കാം. പദ്ധതികളുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.
പത്തുലക്ഷം രൂപവരെയുള്ള ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. ചിട്ടിയില്‍ച്ചേര്‍ന്ന പ്രവാസി മരിച്ചാലോ അപകടങ്ങളില്‍ അംഗഭംഗം സംഭവിച്ചാലോ അവശേഷിക്കുന്ന തുക അടയ്‌ക്കേണ്ടതില്ല. ഈ ബാധ്യത ഇന്‍ഷുറന്‍സില്‍നിന്ന് ഈടാക്കും. ചിട്ടിയില്‍ ചേര്‍ന്നവര്‍ വിദേശത്തുവെച്ച് മരിച്ചാല്‍ മൃതദേഹം കൊണ്ടുവരാനുള്ള ചെലവും അനുഗമിക്കുന്നയാളിന്റെ യാത്രാക്കൂലിയും കെ.എസ്.എഫ്.ഇ. വഹിക്കും.

Post Your Comments Here ( Click here for malayalam )
Press Esc to close