വിസ്മയമായി പ്രാണ…

വിസ്മയമായി പ്രാണ…

ഫിദ
ബഹുഭാഷകളിലായി ഒരുങ്ങുന്ന പ്രാണ എന്ന വികെ പ്രകാശ് ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ വിസ്മയമാവുന്നു. മറ്റൊന്നും കൊണ്ടല്ല ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭകളാണ് പ്രാണക്കായി ഒന്നിക്കുന്നത്. പി.സി.ശ്രീറാം, റസൂല്‍ പൂക്കുട്ടി, ലൂയിസ് ബാങ്ക്‌സ് എന്നിവരാണ് ചിത്രത്തിന്റെ അണയറ ശില്‍പ്പികള്‍. നിത്യ മേനോന്‍ കേന്ദ്ര കഥാപാത്രമാകുന്ന ഈ സിനിമ പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കും.
വ്യത്യസ്തങ്ങളായ ചിത്രങ്ങളൊരുക്കി മലയാള സിനിമയില്‍ ശ്രദ്ധേയനായ സംവിധായകനാണ് വികെ പ്രകശ്. തന്റെ ഓരോ സിനിമയിലും സവിശേഷമായ അന്തരീക്ഷമൊരുക്കുക അദ്ദേഹത്തിന്റെ മുഖമുദ്രയാണ്. പുനരധിവാസം എന്ന സിനമയാണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. മലയാളത്തിലെ ഏറ്റവും നല്ല ഫീച്ചര്‍ ഫിലിമിനുള്ള ദേശീയ അവാര്‍ഡും ബെസ്റ്റ് ഡെബ്യു ഡയറക്ടര്‍, ബെസ്റ്റ് സ്‌റ്റോറി എന്നിവക്കുള്ള സംസ്ഥാന അവാര്‍ഡും ഈ ചിത്രത്തിന് ലഭിച്ചു. മലയാളത്തിലെ ആദ്യത്തെ എച്ച്ഡി സിനിമ ഇദ്ദേഹം 2006 ല്‍ സംവിധാനം ചെയ്ത മൂന്നാമതൊരാള്‍ എന്ന സിനിമയാണ്. മൂന്നാമതൊരാള്‍ എന്ന സിനിമയുടെയും പ്രാണയുടെയും തിരക്കഥ രാജേഷ് ജയരമനാണ് നിര്‍വഹിച്ചിരിക്കുന്നത്.
പി.സി.ശ്രീറാമാണ് പ്രാണയുടെ ക്യാമറ ചലിപ്പിക്കുന്നത്. ഒരിടവേളക്ക് ശേഷം പി.സി.ശ്രീറാം മലയാളത്തില്‍ തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ‘പ്രാണ’. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദ നിയന്ത്രണം നിര്‍വഹിക്കുന്നത്. ലോക പ്രശസ്ത ജാസ് വിദഗ്ധനായ ലൂയി ബാങ്ക്‌സാണ് സംഗീത സംവിധാനം. ഇന്ത്യയില്‍ ആദ്യമായി സിന്‍ക് സൗണ്ട് സറൌണ്ട് ഫോര്‍മാറ്റ് എന്ന സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഈ ചിത്രം മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാല് ഭാഷകളിലായാണ് ഒരേ സമയം ചിത്രീകരിക്കുന്നത്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ സുരേഷ് രാജ്, തേജി മണമേല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കെ.ജെ വിനയന്‍, എഡിറ്റര്‍ സുനില്‍ എസ്.പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്. ദക്ഷിണേന്ത്യയിലെ മനോഹരമായ ഒരു ഹില്‍സ്‌റ്റേഷനില്‍ നടക്കുന്ന ഒരു ത്രില്ലറാണ് ചിത്രം. ചിത്രത്തിന്റെ ഷൂട്ടിംഗ് പീരുമേടില്‍ ആരംഭിച്ചു. ലോക പ്രശസ്തരായ സങ്കേതിക പ്രതിഭകള്‍ അണിനിരക്കുന്ന ഈ സിനിമയെ അശ്ചര്യത്തോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

 

Post Your Comments Here ( Click here for malayalam )
Press Esc to close