‘പ്രകൃതിയുടെ കണ്ണീര്‍’ ശ്രദ്ധേയമാകുന്നു

‘പ്രകൃതിയുടെ കണ്ണീര്‍’ ശ്രദ്ധേയമാകുന്നു

പിആര്‍ സുമേരന്‍-
കൊച്ചി: പ്രളയം കശക്കിയെറിഞ്ഞ ജീവിതങ്ങളിലൂടെ യാത്ര ചെയ്യുന്ന കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫര്‍ എന്‍.ആര്‍. സുധര്‍മ്മദാസ് രചനയും ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ച പ്രകൃതിയുടെ കണ്ണീര്‍ എന്ന ഡോക്യുമെന്ററി ശ്രദ്ധേയമാകുന്നു
ഈ മഹാപ്രളയത്തിന് കണ്ണീരിന്റെ കരിപുരണ്ട പകയുടെ ചൂടുണ്ട്. മരം വെട്ടിയും മല വെട്ടി നിരത്തിയും തണ്ണീര്‍ത്തടങ്ങളെ മണ്ണിട്ടു മൂടിയും കെട്ടിപ്പൊക്കിയ കോണ്‍ക്രീറ്റ് സൗധങ്ങളും മറ്റു വികസന സൗകര്യങ്ങളും തകര്‍ത്ത പ്രകൃതിയുടെ കണ്ണീര്‍പ്പെയ്ത്താണ് ഓരോ പ്രളയവും. ഗൃഹാതുരത്വത്തോടെ നിറഞ്ഞു പെയ്യുന്ന മഴക്കാലങ്ങളെ ഓര്‍മ്മയില്‍ സൂക്ഷിക്കുന്ന നാം മലയാളിക്ക് എത്ര പെട്ടെന്നാണ് മഴപ്പേടിയുണ്ടായത് ? മുറ്റത്തും തൊടിയിലും നിറഞ്ഞ വെള്ളം കുഞ്ഞു കൈകള്‍ കൊണ്ട് തൊട്ടു നനച്ച കുട്ടിക്കാലത്തു നിന്ന് ആര്‍ത്തലച്ചെത്തുന്ന പ്രളയ ജലത്തെ ഭീതിയോടെ നോക്കി നില്‍ക്കുന്ന കുട്ടികളിലേക്ക് കാലം എങ്ങനെയാണ് ചിത്രം മാറ്റി വരച്ചത് ? ഒറ്റ ഉത്തരമേയുള്ളൂ. പ്രകൃതിയോടു നാം കാട്ടിയ ക്രൂരത. നാട്ടിന്‍പുറങ്ങളിലെ ചെറു തോടുകളും കൈവഴികളുമൊക്കെ എന്നേ വറ്റിപ്പോയി. പകരം വീടും റോഡുമുണ്ടാക്കി പുത്തന്‍ വികസന മാതൃക തീര്‍ത്തു. പ്രകൃതിയെന്ന കണ്‍മുന്നിലെ ദൈവത്തോടു നാം കാട്ടിയ മാപ്പില്ലാത്ത ക്രൂരതാണിത്. ഈ തിരിച്ചറിവാണ് ഓരോ പ്രളയവും നല്‍കുന്ന പാഠം. എന്നിട്ടും പഠിക്കാതെ മനുഷ്യല്‍ മണല്‍ ഖനനവും അശാസ്ത്രീയ നിര്‍മ്മാണങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഒടുവില്‍ ഓരോ മഴക്കാലവും നാം ചുവടുറപ്പിച്ച മണ്ണും മലകളും വേരോടെ പിഴുതു മറിച്ച് കടന്നു പോകുമ്പോള്‍, ആര്‍ത്തലയ്ക്കുന്ന നിലവിളികളെ പ്രളയ താണ്ഡവം വിഴുങ്ങുമ്പോള്‍ നാം വെറും മനുഷ്യനായി നോക്കി നില്‍ക്കേണ്ടി വരുന്നു. ഇതിനൊരു പ്രതിവിധിയില്ലേ ? തീര്‍ച്ചയായും ഉണ്ട്. പ്രകൃതിയെ സ്‌നേഹിച്ചു തുടങ്ങണം. കനിവിന്റെ പുഴയൊഴുകുന്ന വഴികളെ കാത്തു സൂക്ഷിക്കാനാവണം. മരത്തണലുകളെ ജീവന്റെ കുടകളായി അനാദികാലത്തേക്ക് കരുതി വെക്കണം. പ്രകൃതിയെ മുന്‍നിറുത്തി വികസന മാതൃകകള്‍ പൊളിച്ചെഴുതണം. നാളെ, കൊടിയ വേനലിന്റെ, കലി തുള്ളിയുറയുന്ന പ്രളയ ദുരന്തങ്ങളുടെ കണ്ണീര്‍ പുഴകളായി ഈ നാടു മാറാതിരിക്കാന്‍ സുഗതകുമാരി ടീച്ചര്‍ പാടിയപോലെ….

ഒരു തൈ നടാം നമുക്ക് അമ്മയ്ക്കുവേണ്ടി
ഒരു തൈ നടാം കൊച്ചു മക്കള്‍ക്ക് വേണ്ടി
ഒരു തൈ നടാം നൂറു കിളികള്‍ക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേക്ക് വേണ്ടി…

Post Your Comments Here ( Click here for malayalam )
Press Esc to close