പ്രേക്ഷക മനം കീഴടക്കി ‘പൂമരം’

പ്രേക്ഷക മനം കീഴടക്കി ‘പൂമരം’

ഫിദ
കാത്തിരുന്നു വന്ന വസന്തമാണ് എബ്രിഡ് ഷൈന്റെ പൂമരം. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന കൗമാരകലയുടെ ‘പൂര’മായ മഹാത്മ യൂണിവേഴ്‌സിറ്റി കലോത്സവമാണ് വേദി. അവിടെ കലയും സൗഹൃദവും പ്രണയവും സംഘര്‍ഷവുമെല്ലാം നിറയുന്നു. മഹാരാജാസ് കോളേജ് ചെയര്‍മാന്‍ ഗൗതമന്‍ സി എ എന്ന കാളിദാസ് കഥാപാത്രവും സെന്റ് ട്രീസ കോളേജ് ചെയര്‍പേഴ്‌സണ്‍ ഐറിനുമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. പക്ഷേ രണ്ടുപേരെയും നായകനും നായികയുമായി സംവിധായകന്‍ പ്രതിഷ്ഠിക്കുന്നില്ല.
ചിത്രത്തില്‍ എറണാകുളം സെന്റ് തെരേസ കോളേജാണ് സെന്റ്് ട്രീസയായിട്ട് പരിണമിക്കുന്നത്. അഞ്ചുവര്‍ഷം തുടര്‍ച്ചയായി കൗമാരകലാ കിരീടം ചൂടിയ സെന്റ് ട്രീസ കോളേജിന്റെ ചാമ്പ്യന്മാരാവാനുള്ള ആവേഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഐറിന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നിതാ പിള്ളയുടെ അഭിനയം വളരെ മികച്ചു നിന്നു. കലോത്സവത്തിനായി കിരീടം കൊണ്ടുപോകുമ്പോള്‍ പ്രിന്‍സിപ്പലിന്റെ മുറിയിലെ ശൂന്യമായ ഷെല്‍ഫ്, പ്രാര്‍ഥന, ഉറങ്ങാതെയുള്ള പരിശ്രമം, ആത്മവിശ്വാസമെല്ലാം കിരീടത്തോടുള്ള സെന്റ് ട്രീസയുടെ അടങ്ങാത്ത ആഗ്രഹം കാണിക്കുന്നു.
ഗൗതമെന്ന സൗമ്യനായ കോളേജ് ചെയര്‍മാനായി കാളിദാസ് പെട്ടെന്ന് മാറി. മനോഹരമായ കവിത പോലെയാണ് മഹാരാജാസ് ക്യാമ്പസിനെ ചിത്രീകരിക്കുന്നത്. മൊട്ടിടുന്ന പ്രണയവും രാത്രി പകലാക്കുന്ന സൗഹൃദവും സംവിധായകന്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. റിഹേഴ്‌സല്‍ രംഗങ്ങള്‍ വളരെ മനോഹരമായിട്ടാണ് ഒരുക്കിയിട്ടുള്ളത്. പ്രത്യേകിച്ച് മൂകാഭിനയ രംഗങ്ങള്‍ എടുത്തു പറയേണ്ടതാണ്. സംഭാഷണങ്ങള്‍ കുറവായ ചിത്രം ദൃശ്യങ്ങള്‍ക്കും പാട്ടിനുമാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. സിനിമയിലെ പാട്ടുകള്‍ പലതും ഹിറ്റായി കഴിഞ്ഞു. ‘ഞാനും ഞാനുമെന്റാളും…..പൂമരം കൊണ്ട് കപ്പലുണ്ടാക്കി എന്ന പാട്ട്’ ഇപ്പോഴും കാമ്പസുകളെ വിട്ടൊഴിഞ്ഞിട്ടില്ല.
വിധികര്‍ത്താക്കള്‍ക്ക് പണം കൊടുത്ത് ഒന്നാംസ്ഥാനം വാങ്ങുന്നതും, തന്റെ മേഖലയല്ലാത്ത മത്സരങ്ങളില്‍ വിധികര്‍ത്താവാകുന്നവരെയും ചിത്രത്തില്‍ കാണാം. പോയിന്റ് നിലകള്‍ മാറുമ്പോള്‍ വിരിയുന്ന സന്തോഷം വിജയത്തിന്റെ ആര്‍പ്പുവിളിയായും സങ്കടം പരാജയത്തിന്റെ കണ്ണുനീരായും പ്രേക്ഷകന് കാണാം. ആരോഗ്യകരമായ മത്സരങ്ങള്‍ യുദ്ധത്തിന്റെ വീറും വാശിയുമായി മാറുന്ന കാലത്ത് മഹത്തായ മാനവികതയുടെ ചിന്ത സിനിമ ഉയര്‍ത്തുന്നു.

 

Post Your Comments Here ( Click here for malayalam )
Press Esc to close