പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ മന്ദത

പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യാപാരത്തില്‍ മന്ദത

പ്രത്യേക ലേഖകന്‍
കൊച്ചി: ചരക്ക് സേവന നികുതി പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യാപാരത്തിനും കയറ്റുമതിക്കും തിരിച്ചടിയാകുന്നു. ഇവക്ക് 18 ശതമാനം നികുതി ഏര്‍പ്പെടുത്തിയതോടെ വീടുകളില്‍നിന്നും കടകളില്‍നിന്നും പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വാങ്ങുന്നതും കയറ്റി അയക്കുന്നതും ഗണ്യമായി കുറഞ്ഞിരിക്കുകയാണ്.
ഇത് ഭാവിയില്‍ സംസ്ഥാനത്ത് പരിസ്ഥിതിക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്ന പ്ലാസ്റ്റിക് മാലിന്യപ്രശ്‌നത്തിന് വഴിവെച്ചേക്കും. ഉല്‍പന്നങ്ങള്‍ ശേഖരിച്ച് നേരിട്ട് വില്‍ക്കുന്നതിനോ കയറ്റിഅയക്കുന്നതിനോ നികുതി ഉണ്ടായിരുന്നില്ല. സംസ്‌കരിച്ച് പൊടിയാക്കി കമ്പനികള്‍ക്ക് വില്‍ക്കുന്നതിന് മാത്രമായിരുന്നു അഞ്ചു ശതമാനം നികുതി. ഇതുമൂലം പുനഃസംസ്‌കരിക്കാവുന്നതും അല്ലാത്തതുമായ പഴയ പ്ലാസ്റ്റിക് വസ്തുക്കള്‍ വന്‍തോതില്‍ നഗരങ്ങളില്‍നിന്നും ഗ്രാമങ്ങളില്‍ നിന്നും ശേഖരിക്കപ്പെട്ടിരുന്നു.
ജി.എസ്.ടി വന്നതോടെ പഴയ പ്ലാസ്റ്റിക്കുകള്‍ക്കെല്ലാം 18 ശതമാനം നികുതിയായി. പുതിയ പ്ലാസ്റ്റിക്കിന് വില കുറയുകയും ചെയ്തു. പഴയതും പുതിയതും തമ്മില്‍ വിലയിലുള്ള അന്തരം ഗണ്യമായി കുറഞ്ഞതോടെ ഭൂരിഭാഗം കമ്പനികളും പഴയത് എടുക്കാന്‍ വിമുഖത കാണിക്കുകയാണ്.
സംസ്ഥാനത്തുനിന്ന് പ്രതിമാസം 400 ട്രക്ക് പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ കയറ്റിപ്പോകുന്നുണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് രൂപയുടെ വ്യാപാരമാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. എന്നാല്‍, നികുതി വന്നതോടെ പഴയ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ ഇപ്പോള്‍ പഴയതുപോലെ ശേഖരിക്കപ്പെടുന്നില്ല. അനുബന്ധ ചെലവുകള്‍ കിഴിച്ചാല്‍ കച്ചവടത്തില്‍ കാര്യമായ ലാഭമില്ലാത്തതാണ് കാരണം.

Post Your Comments Here ( Click here for malayalam )
Press Esc to close