പൈനാപ്പിള്‍ സംഭരണം താത്കാലികമായി കുറച്ചു

പൈനാപ്പിള്‍ സംഭരണം താത്കാലികമായി കുറച്ചു

ഗായത്രി
കൊച്ചി: വിപണിയില്‍ പൈനാപ്പിള്‍ വില ഉയര്‍ന്നതോടെ നടുക്കരയിലെ വാഴക്കുളം അഗ്രോ ആന്‍ഡ് ഫ്രൂട്ട് പ്രോസസിംഗ് കമ്പനിയിലെ പൈനാപ്പിള്‍ സംഭരണം താത്കാലികമായി നിര്‍ത്തിവച്ചു. പഴത്തിന് കിലോഗ്രാമിന് 20 രൂപയായി വില ഉയര്‍ന്നു. കരിമ്പച്ച 30 രൂപ, വിളവു പഴം 24 രൂപ എന്നിങ്ങനെയാണ് വ്യാപാരം നടക്കുന്നത്. പഴത്തിന്റെ വില പത്തു രൂപയില്‍ താഴെയായി വിപണിപോലും ഇല്ലാതായപ്പോഴാണ് പൈനാപ്പിള്‍ മേഖലയിലെ വിവിധ സംഘടനകളുടെ ആവശ്യപ്രകാരം മന്ത്രി സുനില്‍കുമാറിന്റെയും എല്‍ദോ ഏബ്രഹാം എംഎല്‍എയുടെയും ഇടപെടലിനെത്തുടര്‍ന്ന് 17 രൂപക്ക് കമ്പനിയില്‍ അടിയന്തര സംഭരണം ആരംഭിച്ചത്.
ഇതുവരെ 135 ടണ്ണോളം സംഭരിച്ചു. ഹോര്‍ട്ടികോര്‍പ്പിനു കൈമാറിയതിനു ശേഷമുള്ളത് പള്‍പ്പ് രൂപത്തിലാക്കി കമ്പനിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഈ പള്‍പ്പ് ഒമ്പതു മാസമേ ഇത്തരത്തില്‍ സൂക്ഷിക്കാനാകൂ. മെഷീന്‍ സംവിധാനത്തിലാണെങ്കില്‍ മൂന്നര വര്‍ഷംവരെ കേടുകൂടാതെ സൂക്ഷിക്കാനാവും. എന്നാല്‍, യന്ത്രവത്കൃത ഫില്ലിംഗിനുള്ള മെഷിനുകളുടെ അറ്റകുറ്റപ്പണികള്‍ ഇതുവരെ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുമില്ല. വിദേശനിര്‍മിത യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി അടുത്ത ആഴ്ചയില്‍ തന്നെ പ്രവര്‍ത്തനസജ്ജമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ട്
വിപണിയില്‍ വില ഉയര്‍ന്നതിനാല്‍ പൈനാപ്പിള്‍ നല്‍കാന്‍ കമ്പനിയില്‍ കരാര്‍ ഉണ്ടാക്കിയിരുന്ന കര്‍ഷകരും വിപണിയിലേക്കു തന്നെ തിരിഞ്ഞിരിക്കുകയാണ്. സംഭരിച്ച പൈനാപ്പിളില്‍ പഴുപ്പു കൂടിയവയും ഉണ്ടായിരുന്നു. കര്‍ഷകര്‍ക്ക് സഹായകമായ തോതില്‍ സംഭരണം നടത്താന്‍ നിര്‍ദേശമുണ്ടായിരുന്നതിനാല്‍ ഇവയും സംഭരിക്കുകയായിരുന്നു. ഇതില്‍ ഉപയോഗശൂന്യമായ പൈനാപ്പിള്‍ കഴിഞ്ഞ ദിവസം പുറന്തള്ളി.

Post Your Comments Here ( Click here for malayalam )
Press Esc to close