പി.എഫ് പെന്‍ഷന്‍ തുക; തൊഴിലാളി വിരുദ്ധ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

പി.എഫ് പെന്‍ഷന്‍ തുക; തൊഴിലാളി വിരുദ്ധ ഭേദഗതി ഹൈക്കോടതി റദ്ദാക്കി

ഗായത്രി-
കൊച്ചി: പി.എഫ് പെന്‍ഷന്‍ തുക പരമാവധി കുറയക്കുക എന്ന ലക്ഷ്യത്തോടെ എംപ്ലോയീസ് പ്രൊവിഡന്റ് ആക്ടില്‍ 2014 ല്‍ കേന്ദ്രം കൊണ്ടുവന്ന തൊഴിലാളി വിരുദ്ധ ഭേദഗതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അപ്പാടെ റദ്ദാക്കി. പി.എഫ് പെന്‍ഷന്‍കാരുടെ ചിരകാല ആവശ്യമാണ് ഇതോടെ നിറവേറിയത്. ശമ്പള അടിസ്ഥാനത്തില്‍ പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ ലഭിക്കാന്‍ തൊഴിലാളികള്‍ക്ക് ഇനി കൂടുതല്‍ വിഹിതം അടക്കാം. മാത്രമല്ല ഈ ഓപ്ഷന്‍ സമയ പരിധിയില്ലാതെ തെരഞ്ഞെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതിനു വിരുദ്ധമായി എംപ്ലോയീസ് പ്രൊവിഡന്റ് ആക്ടില്‍ 2014 ല്‍ കൊണ്ടുവന്ന ഭേദഗതി നിയമവിരുദ്ധവും സ്വേച്ഛാപരവുമാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. 2014 ലെ ഭേദഗതി തൊഴിലാളി വിരുദ്ധമാണെന്നാരോപിച്ച് കെല്‍ട്രോണ്‍ ഉദ്യോഗസ്ഥനായ ടി.വൈ. വിജയകുമാര്‍ ഉള്‍പ്പെടെ നല്‍കിയ 507 ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്.
പെന്‍ഷന്‍ തുക കണക്കാക്കാന്‍ വിരമിക്കുന്നതിന് മുമ്പുള്ള 12 മാസത്തെ ശരാശരി ശമ്പളമാണ് നേരത്തെ കണക്കിലെടുത്തിരുന്നതെങ്കില്‍ ഭേദഗതി വന്നതോടെ ഇത് അവസാന അഞ്ച് വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കിലെടുക്കുന്ന നിലയിലായി. നിലവിലെ ആനുകൂല്യം ഇല്ലാതാക്കുന്ന ഇത്തരം വ്യവസ്ഥ നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
1995 ലെ ഇ.പി.എഫ് പെന്‍ഷന്‍ സ്‌കീമനുസരിച്ച് പെന്‍ഷന്‍ കണക്കാക്കുന്നത് പരമാവധി 6500 രൂപ ശമ്പളമായി നിശ്ചയിച്ചായിരുന്നു. ഇതില്‍ തൊഴിലുടമയുടെ വിഹിതത്തില്‍ നിന്ന് 8.33 ശതമാനം തുകയാണ് പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിയിരുന്നത്. ഇതോടൊപ്പം തൊഴിലാളിക്ക് തന്റെ യഥാര്‍ത്ഥ ശമ്പളത്തിന്റെ വിഹിതം നല്‍കി ഉയര്‍ന്ന പെന്‍ഷനുവേണ്ടി ഓപ്ഷന്‍ നല്‍കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. ഭേദഗതി വന്നതോടെ പരമാവധി ശമ്പളം 15,000 ആക്കി നിജപ്പെടുത്തി. മാത്രമല്ല, ഈ തുകക്ക് മുകളിലുള്ള ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കി ഉയര്‍ന്ന പെന്‍ഷന് ആറ് മാസത്തിനകം ഓപ്ഷന്‍ നല്‍കണമെന്നും കൂടിയ ശമ്പളത്തിന്റെ 1.16 ശതമാനം തുക അധിക വിഹിതമായി അടക്കണമെന്നും നിഷക്ര്!ഷിച്ചിരുന്നു. ഇതും റദ്ദാക്കി. ഉയര്‍ന്ന പെന്‍ഷനു വേണ്ടി ഓപ്ഷന്‍ നല്‍കാന്‍ നിശ്ചിത തീയതി തീരുമാനിക്കുന്നത് വിരമിച്ചവരെ രണ്ടായി തിരിക്കുമെന്ന് ഹൈക്കോടതി വിലയിരുത്തി. യഥാര്‍ത്ഥ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ വിഹിതം നല്‍കാന്‍ തയ്യാറുള്ളവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ നിഷേധിക്കുന്നത് സ്വേച്ഛാപരമാണ്. ഇതു നിലനില്‍ക്കില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു.തികച്ചും തൊഴിലാളികള്‍ക്ക് അനുകൂലമായ വിധിയായാണിതെന്നും കുറഞ്ഞ പെന്‍ഷന്‍ നല്‍കാന്‍ പി. ഫ് അധികൃതര്‍ നടത്തിയ കുത്സിത നിയമ നീക്കമാണ് ഇതിലൂടെ പൊളിഞ്ഞതെന്നുമാണ് നിയമ വിദഗ്ദര്‍ വിലയിരുത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close