ഇന്ധനവില; എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു

ഇന്ധനവില; എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു

ഗായത്രി
കൊച്ചി: ഇന്ധനവില നിയന്ത്രിക്കുന്നതില്‍ സര്‍ക്കാറുകള്‍ കൈമലര്‍ത്തിയതോടെ എണ്ണക്കമ്പനികള്‍ കൊള്ള തുടരുന്നു. മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുകയാണ്. വിഷയത്തില്‍ ഇടപെടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ വ്യക്തമാക്കിയതോടെ വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് സൂചന. കൊച്ചിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 72.99 രൂപയും ഡീസലിന് 62.70 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് യഥാക്രമം 74.24 രൂപയും 63.87 രൂപയും. ഡല്‍ഹിയില്‍ പെട്രോളിന് 70.39 (ഡീസലിന് 58.74), കൊല്‍ക്കത്തയില്‍ 73.13 (61.40), മുംബൈയില്‍ 79.50 (62.40), ചെന്നൈയില്‍ 72.97 (61.87) എന്നിങ്ങനെയാണ് രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളില്‍ ഇന്നലത്തെ വില.
ദിവസേനയുള്ള ഇന്ധനവില നിര്‍ണയം എണ്ണക്കമ്പനികളുടെ അധികാരമാണെന്നും അതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ലെന്നും പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. ജി.എസ്.ടി കൗണ്‍സിലിന്റെ പരിധിയിലുള്ള ഇക്കാര്യത്തിലും കേന്ദ്രം നിസ്സഹായാവസ്ഥയിലാണ്. വാഹനം വാങ്ങാന്‍ കഴിവുള്ളവര്‍ ഇന്ധനത്തിന് കൂടുതല്‍ വില നല്‍കാന്‍ മടിക്കേണ്ടതില്ലെന്നും ആ പണം സര്‍ക്കാറിന് പാവങ്ങളെ സഹായിക്കാന്‍ വിനിയോഗിക്കാമെന്നുമാണ് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വ്യാഴാഴ്ച കൊച്ചിയില്‍ പറഞ്ഞത്. 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 114.44 ഡോളറായിരുന്നപ്പോഴാണ് മുമ്പ് ഇന്ധനവില ഇത്രയും ഉയര്‍ന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close