പെട്രോളോ ഡീസലോ ? ആരാദ്യം നൂറാകും…

പെട്രോളോ ഡീസലോ ? ആരാദ്യം നൂറാകും…

ഗായത്രി-
കൊച്ചി: ഇന്ധന വില വര്‍ധനവിനെതിരായ ഭാരത് ബന്ദിന് ശേഷവും എണ്ണ വില വീണ്ടും ഉയര്‍ന്നു. പെട്രോളിന് 14 പൈസയും ഡീസലിന് 15 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 82.86 രൂപയും ഡീസലിന് 76.88 രൂപയും കോഴിക്കോട് പെട്രോളിന് 83.11 രൂപയും ഡീസലിന് 77.15 രൂപയുമാണ് വില.
മഹാരാഷ്ട്രയിലെ പര്‍ഭാനിയില്‍ ആണ് രാജ്യത്തെ പെട്രോളിന് ഏറ്റവുമാധികം വില രേഖപ്പെടുത്തിയിരുന്നു. 90.05 രൂപയിലേക്ക് എത്തിയെന്നാണ് സൂചന. പുതുക്കിയ വില വര്‍ധനവിലൂടെ മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 88.62 രൂപയായി ഉയര്‍ന്നു.
ഭാരത് ബന്ദ് നടന്ന ഇന്നലെ പെട്രോളിന് 23 പൈസയും ഡീസലിന് 22 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
അതേസമയം, ഉയര്‍ന്ന ഇന്ധനവിലയില്‍ നിന്നും കരകയറുന്നതിന് ആന്ധ്ര പ്രദേശ സര്‍ക്കാര്‍ സംസ്ഥാന നികുതി കുറച്ചു. നാല് ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. ഇതോടെ ലിറ്ററിന് രണ്ട് രൂപയുടെ കുറവാണ് വന്നിട്ടുള്ളത്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില കുറഞ്ഞസമയത്ത് കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റെ എക്‌സൈസ് തീരുവ ഗണ്യമായി വര്‍ധിപ്പിച്ചിരുന്നു. മോദി സര്‍ക്കാരിന്റെ കാലത്ത് ആദ്യ രണ്ടു വര്‍ഷത്തിനുള്ളില്‍ ഒമ്പതു തവണകളിലായി പെട്രോളിന്റെ തീരുവയില്‍ 11.77 രൂപയുടേയും ഡീസലിന് തീരുവയില്‍ 13.7 രൂപയുടേയും വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close