
ഗായത്രി
കൊച്ചി: കുരുമുളക് കര്‍ഷകരെയും സ്‌റ്റോക്കിസ്റ്റുകളെയും ഞെട്ടിച്ച് ഉത്പന്നം രൂക്ഷമായ വിലത്തകര്‍ച്ചയില്‍. പിന്നിട്ട വാരം മുളകു വില ക്വിന്റലിന് 1900 രൂപ ഇടിഞ്ഞു. ഓഫ് സീസണില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ചരക്ക് പിടിച്ചവര്‍ താഴ്ന്ന വിലക്ക് കൈമാറ്റം നടത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ്. ഉത്തരേന്ത്യയില്‍ ഉത്സവകാല ആവശ്യങ്ങള്‍ക്കുള്ള ചരക്ക് സംഭരണവേളയാണിത്. അതുകൊണ്ടുതന്നെ ജൂലൈ ആദ്യ വാരത്തില്‍തന്നെ വ്യാപാരരംഗം സജീവമാകുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം വ്യാപാരികള്‍. വിദേശ കുരുമുളക് ഇറക്കുമതി വിപണിയുടെ കണക്ക് കൂട്ടലുകള്‍ പാടെ മാറ്റി മറിച്ചു. വിയറ്റ്‌നാം ടണ്ണിന് 2500 ഡോളറിനാണ് ചരക്ക് കയറ്റുമതി നടത്തുന്നത്. ഇന്ത്യന്‍ നിരക്ക് ടണ്ണിന് 5500 ഡോളറാണ്. വിലയിലെ വന്‍ അന്തരമാണ് വ്യവസായികളെ ഇന്ത്യയിലേക്ക് ചരക്കെത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.
ഇന്തോനേഷ്യ രാജ്യാന്തര വിപണിയില്‍ ഇറക്കാന്‍ പുതിയ ചരക്ക് സജ്ജമാക്കുന്നു. അടുത്ത വാരം അവിടെ വിളവെടുപ്പ് ഊര്‍ജിതമാക്കും. ഉത്പാദനം ഉയരുമോയെന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ഇനിയുംപുറത്ത് വന്നിട്ടില്ല. സെപ്റ്റംബര്‍ഒക്‌ടോബറില്‍ ബ്രസീലിയന്‍ കുരുമുളകും രംഗത്ത് എത്തും. ഇകഡോറില്‍നിന്നുള്ള ചരക്കും വൈകാതെ വില്‍്പ്പനക്ക് ഇറങ്ങും.
ഇറക്കുമതിരാജ്യങ്ങളായ അമേരിക്കയും യുറോപ്പും ക്രിസ്തുമസ്പുതുവത്സര വേളയിലെ ആവശ്യങ്ങള്‍ വരെ മുന്നില്‍ക്കണ്ട് മുളക് ശേഖരിക്കാനുള്ള ഒരുക്കത്തിലാണ്. ഇനിയുള്ള നാല് മാസങ്ങളില്‍ ഇറക്കുമതി രാജ്യങ്ങള്‍ ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ പിടിമുറുക്കാം. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 33,600 രൂപയിലും ഗാര്‍ബിള്‍ഡ് മുളക് 35,600 രൂപയിലുമാണ്.