ഫിദ-
കൊച്ചി: ആവശ്യകത കൂടിയതോടെ കറുത്തപൊന്ന് കരുത്തു കാട്ടി. കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ കുരുമുളക് ക്വിന്റലിന് 600 രൂപ വര്‍ധിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ കരുമുളക് ക്വിന്റലിന് ആയിരം രൂപയാണ് കൂടിയത്. കര്‍ഷകര്‍ക്കിടയിലെ ഇടനിലക്കാര്‍ വാങ്ങി സ്‌റ്റോക്ക് ചെയ്ത മുളകെല്ലാം വിറ്റുതീര്‍ന്നതോടെ കുരുമുളകിന് ആവശ്യക്കാര്‍ കൂടി.
ഇറക്കുമതി ചെയ്ത വിയറ്റ്‌നാം മുളക് ഉത്തരേന്ത്യയില്‍ വിറ്റുതീര്‍ന്നതും കൊച്ചിയില്‍ കുരുമുളകിന് ആവശ്യക്കാര്‍ കൂടാന്‍ കാരണമായി. വരുംദിവസങ്ങളിലും കറുത്ത പൊന്നിന് വിലക്കയറ്റം ഉണ്ടായേക്കുമെന്നാണു പ്രാദേശിക വ്യാപാരികള്‍ പറയുന്നത്. രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ ഇന്ത്യയിലെ കയറ്റുമതിക്കാര്‍ കയറ്റുമതി നിരക്ക് ഉയര്‍ത്തി.
ഒരു ടണ്‍ കുരുമുളകിന് 5325 ഡോളറില്‍ നിന്ന് 5400 ഡോളറായി വില ഉയര്‍ത്തി. മറ്റു ഉല്‍പാദക രാജ്യങ്ങളായ വിയറ്റ്‌നാം രണ്ടായിരം ഡോളറില്‍നിന്നു 2500 ആയും ശ്രീലങ്ക 3000 ല്‍നിന്ന് 4000 രൂപയായും ബ്രസീല്‍ 2300 ല്‍നിന്ന് 27002800 ആയും ഇന്തോനേഷ്യ 2800 ല്‍ നിന്ന് 3000 ഡോളറായും വില ഉയര്‍ത്തിയാണ് യൂറോപ്പ്, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതിക്കായി ഓഫര്‍ തുടങ്ങിയത്.
ശ്രീലങ്കയിലെ സ്‌ഫോടനത്തെത്തുടര്‍ന്ന് കൊളംബോ തുറമുഖംവഴി ഇന്ത്യയിലേക്കുള്ള ഇറക്കുമതി നിര്‍ത്തിവച്ചു. ഇറക്കുമതി നിലച്ചതും വില്‍പ്പനക്ക് കുരുമുളക് വരവ് കുറഞ്ഞതും വില ഉയരാന്‍ വഴിയൊരുക്കി.
കുരുമുളക് കൃഷിക്കുണ്ടായ നഷ്ടവും ഉല്‍പാദനത്തെ ബാധിച്ചു. ഏലക്കായ റെക്കോഡ് വിലയില്‍ എത്തിയതോടെ ഹൈറേഞ്ച് മേഖലകളില്‍നിന്ന് തമിഴ്‌നാട് വഴി ഉത്തരേന്ത്യന്‍ മാര്‍ക്കറ്റുകളില്‍ ഏലക്കയോടൊപ്പം കുരുമുളകും കടത്തിവിടുന്നുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയായി നികുതി വെട്ടിച്ച് കുരുമുളക് കള്ളക്കടത്തായി പോകുന്നുണ്ടെങ്കിലും ചെക്ക്‌പോസ്റ്റുകളില്‍ കാര്യമായ പരിശോധനയില്ല.