ഇനി ലളിതമായ പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറം

ഇനി ലളിതമായ പാസ്‌പോര്‍ട്ട് അപേക്ഷാ ഫോറം

അളക ഖാനം
റിയാദ്: പാസ്‌പോര്‍ട്ട് സേവനങ്ങള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ അപേക്ഷ ഫോറം. പാസ്‌പോര്‍ട്ട് പുതിയത് എടുക്കാനും പുതുക്കാനും വ്യക്തി വിവരങ്ങള്‍ തിരുത്താനും പുതിയത് കൂട്ടിച്ചേര്‍ക്കാനും ഇനി മുതല്‍ ഒറ്റ അപേക്ഷാ ഫോറം. ഇതോടെ നടപടിക്രമങ്ങള്‍ ലളിതമായി. റിയാദിലെ ഇന്ത്യന്‍ എംബസിയാണ് ഈ പരിഷ്‌കാരം ഏര്‍പ്പെടുത്തിയത്. പാസ്‌പോര്‍ട്ട് പുതിയത് എടുക്കുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും ഒരേ ഫോറം തന്നെയാണ് നിലവിലുമുള്ളത്. എന്നാല്‍ പാസ്‌പോര്‍ട്ടിലെ പേര് മാറ്റല്‍, ഭാര്യ/ഭര്‍ത്താവിന്റെ പേര് ചേര്‍ക്കല്‍/ഒഴിവാക്കല്‍/തിരുത്തല്‍, മാതാപിതാക്കളുടെ പേര് തിരുത്തല്‍, ജനന തീയതി/ജനന സ്ഥലം തിരുത്തല്‍, ഫോട്ടോ/ വിലാസം/ഒപ്പ് മാറ്റല്‍, ഇ.സി.ആര്‍ സ്റ്റാറ്റസ് മാറ്റല്‍ എന്നീ സേവനങ്ങള്‍ക്ക് വെവ്വേറെ ഫോറങ്ങള്‍ കൂടി അനുബന്ധമായി നല്‍കണമായിരുന്നു.
പൊതുവായ അപേക്ഷയും ഈ അനുബന്ധ ഫോറങ്ങളും ചേര്‍ത്ത് വലിയ ഫയല്‍ തന്നെ ഹാജരാക്കേണ്ട സ്ഥിതിയാണ് നിലവിലുണ്ടായിരുന്നത്. ഇതിനാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. എല്ലാ സേവനങ്ങള്‍ക്കും ഒറ്റ ഫോറം ഉപയോഗിച്ചാല്‍ മതി. ഏപ്രില്‍ ഒന്നുമുതല്‍ പുതിയ ഫോറത്തിലുള്ള അപേക്ഷ മാത്രമേ സ്വീകരിക്കൂ. എന്നാല്‍ ഈയാഴ്ച മുതല്‍ തന്നെ ഈ ഫോറത്തിലുള്ള അപേക്ഷയും സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. പുതിയ ഫോറം ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
അപേക്ഷ ഫോറത്തില്‍ തുടക്കത്തില്‍ തന്നെ ഏതൊക്കെ സേവനങ്ങള്‍ക്കാണ് ഈ ഫോറം ഉപയോഗിക്കുന്നത് എന്ന് രേഖപ്പെടുത്താനുള്ള കള്ളികളുണ്ട്. ഇതാണ് ഫോറത്തിലെ പ്രധാന മാറ്റം. ഏതൊക്കെ സേവനങ്ങള്‍ വേണമെന്ന് കള്ളികളില്‍ ശരി അടയാളമിട്ട് രേഖപ്പെടുത്താം. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള (ഇ.സി.ആര്‍) വിഭാഗത്തില്‍ പെടുന്നവര്‍ വിദേശ രാജ്യത്ത് മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ താമസിച്ചാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലാത്ത (ഇ.സി.എന്‍.ആര്‍) വിഭാഗത്തിലേക്ക് മാറും. ഈ പദവി മാറ്റം പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്താനും ഇതേ അപേക്ഷാ ഫോറം തന്നെ ഉപയോഗിക്കാം.

Post Your Comments Here ( Click here for malayalam )
Press Esc to close