പ്രേക്ഷക മനസ്സില്‍ കൂടുകൂട്ടി പറവ…

പ്രേക്ഷക മനസ്സില്‍ കൂടുകൂട്ടി പറവ…

ഫിദ
സൗബിന്‍ ഷായിര്‍ ആദ്യമായി സംവിധായക വേഷത്തിലെത്തിയ പറവ പ്രേക്ഷക മനസ്സില്‍ കൂടുകൂട്ടുന്നു. 2003ല്‍ ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലൂടെ സംവിധാന സഹായിയായെത്തിയ സൗബിന്റെ സംവിധായക രൂപമാണ് ഒടുവില്‍ വര്‍ണഭംഗിയോടെ പൂവണിഞ്ഞത്. ഫാസില്‍, സിദ്ദിഖ്, റാഫി മെക്കാര്‍ട്ടിന്‍, സന്തോഷ് ശിവന്‍, രാജീവ് രവി, അമല്‍ നീരദ് തുടങ്ങി സൗബിന്‍ ഷാഹിറിന്റെ സംവിധാന പാഠശാലകള്‍ വലുതായിരുന്നു. പറവ എന്ന സ്വന്തം ചിത്രവുമായി സൗബിനെത്തുമ്പോള്‍ പക്വതയാര്‍ന്ന ഒരു സംവിധായകനെ കൂടി ലഭിച്ചെന്ന കാര്യത്തില്‍ മലയാള സിനിമ അഭിമാനം കൊള്ളുകയാണ്.
വൈവിധ്യമാര്‍ന്ന കൊച്ചിക്കഥയാണ് ചിത്രത്തിലെ ഇതിവൃത്തം. പ്രാവ് പറത്തലാണ് കഥ. ജന്മനാടായ ഫോര്‍ട്ട് കൊച്ചിയുടെയും മട്ടാഞ്ചേരിയുടെയും പശ്ചാത്തലത്തില്‍ സാധാരണക്കാരായ ഒരുകൂട്ടം മനുഷ്യരുടെ കഥ അതിമനോഹരമായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിക്കാന്‍ സൗബിന് കഴിഞ്ഞു.
സൗബിന് പുറമെ ഇര്‍ഷാദ്, ഹിസാബ്, ഷെയ്ന്‍, ഇമ്രാന്‍ (ദുല്‍ഖര്‍ സല്‍മാന്‍), മജീദ് (ജേക്കബ് ഗ്രിഗറി), ഹബീബ (സ്രിന്ധ), ആഷിക്ക് അബു, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ നീണ്ട താരനിരയും പറവയില്‍ അണിനിരക്കുന്നു. മട്ടാഞ്ചേരിയുടെ ആകാശത്ത് സ്വച്ഛമായി പാറിനടക്കുന്ന ഇവര്‍ക്കിടയിലെ മത്സരങ്ങളും കശപിശകളും അടിപിടിയുമാണ് പറവിയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
കഥ, സംഭാഷണം, സംവിധാനം എന്നിവയോടൊപ്പം അഭിനയത്തിലും സൗബിന്‍ കൈവച്ചിട്ടുണ്ട്. പറവ പറത്തല്‍ ടൂര്‍ണമെന്റില്‍ സമ്മാനം നേടാനായി പ്രാവുകളെ പോറ്റുന്ന ഇര്‍ഷാദിന്റെയും അവന്റെ കൂട്ടുകാരന്റെയും ജീവിതത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. ഷൈന്‍ ടോം ചാക്കോയുടെ നേതൃത്വത്തിലുള്ള എതിര്‍ ടീമുകളോട് ഏറ്റുമുട്ടാനുള്ള ഇര്‍ഷാദിന്റെയും കൂട്ടുകാരന്റെയും ശ്രമങ്ങള്‍ ഉദ്വേഗത്തോടെയാണ് പ്രേക്ഷകര്‍ നോക്കിക്കാണുക. മാത്രമല്ല ക്രിക്കറ്റും പട്ടം പറത്തലും സൈക്കിളോട്ടവുമെല്ലാം പറവയിലെ ആവേശങ്ങളാണ്.
അതിഥി വേഷത്തില്‍ എത്തുന്ന ദുല്‍ഖര്‍ ആണ് ചിത്രത്തിന്റെ ഒരു പ്രത്യേകത. റോള്‍ ചെറുതെങ്കിലും ആ വേഷം മികവുറ്റതാക്കാന്‍ ദുല്‍ഖറിനു കഴിഞ്ഞിട്ടുണ്ട്. ആഷിഖ് അബുവിന്റെ പോലീസ് വേഷം ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. അച്ഛന്‍ വേഷത്തിലെത്തിയ സിദ്ദക്കാണ് സിനിമാ വിജയത്തിന്റെ മറ്റൊരു ഘടകം. അബിയുടെ മകന്‍ ഷെയ്ന്‍ നിഗം, ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍, സൈനുദ്ദീന്റെ മകന്‍ ദിനില്‍, സ്രിന്ധ, ഇന്ദ്രന്‍സ് തുടങ്ങിയവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സൗബിനും മുനീര്‍ അലിയും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ലിറ്റില്‍ സ്വയാബ് ചായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റര്‍ പ്രവീണ്‍ പ്രഭാകര്‍ ആണ്. വരും നാളുകളില്‍ പറവ പ്രേക്ഷക മനസില്‍ മാത്രമല്ല തിയറ്ററുകളിലും കൂടുകൂട്ടുമെന്ന് പറയാതെ വയ്യ.

 

Post Your Comments Here ( Click here for malayalam )
Press Esc to close