‘പള്ളിച്ചട്ടമ്പി’ ഏപ്രില്‍ പത്തിന് റിലീസ്

‘പള്ളിച്ചട്ടമ്പി’ ഏപ്രില്‍ പത്തിന് റിലീസ്

വന്‍താരപ്പൊലിമയും വലിയ മുതല്‍മുടക്കുമായി പ്രദര്‍ശന സജ്ജമായി വരുന്ന ‘പള്ളിച്ചട്ടമ്പി’ എന്ന ചിത്രം ഏപ്രില്‍ പത്തിന് പ്രദര്‍ശനത്തിനെത്തും.

ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് ടീസര്‍ റിലീസായി.

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രം വേള്‍ഡ് വൈഡ് ഫിലിംസിന്റെ ബാനറില്‍ നൗഫല്‍, ബ്രജോഷ് എന്നിവരും സീ ക്യൂബ് ബ്രോസ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ചാണക്യ, ചരണ്‍, ചൈതന്യ എന്നിവരുമാണ് നിര്‍മ്മിക്കുന്നത്.

ഏപ്രില്‍ ഒമ്പതിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നതിനിടയിലാണ്
പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ചിത്രത്തിന്റെ റിലീസ്
ഡേറ്റ് മാറ്റണമോ എന്ന ചിന്ത അണിയറ പ്രവര്‍ത്തകരിലുണ്ടായി. അതിനു വിരാമമിട്ടുകൊണ്ട് ഏപ്രില്‍ പത്തിന് ചിത്രം വേള്‍ഡ് വൈഡ് റിലീസ് ചെയ്യുകയാണ്.
അടുത്തു റിലീസ് ചെയ്ത ആട് 3 ക്ക് ഗള്‍ഫുനാടുകളില്‍ ലഭിച്ച സ്വീകാര്യതയും നിര്‍മ്മാതാക്കള്‍ക്ക് ഏറെ പ്രചോദനമായി.

കേരളത്തേപ്പോലെ തന്നെയോ അല്ലങ്കില്‍ അതിലുമുപരിയോയാണ് മലയാള സിനിമയുടെ സാമ്പത്തികസ്രോതസ് തന്നെയാണ് ഗള്‍ഫ് മേഖല.

ഏപ്രില്‍ ഒമ്പതിന് പൊതു തെരഞ്ഞെടുപ്പായതുകൊണ്ടാണ് നേരത്തേ പ്രഖ്യാപിച്ച ഒമ്പത് എന്ന തീയതി പത്തിലേക്കു മാറ്റിയതെന്ന് നിര്‍മ്മാതാവ് നൗഫല്‍ വ്യക്തമാക്കി.
പുറത്തുവിട്ട ടീസറിലെ ചില ഭാഗങ്ങള്‍ ഒന്നു ശ്രദ്ധിക്കാം…

‘ശാപം കിട്ടിയ മണ്ണാ അത് നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് അങ്ങോട്ടൊന്നും നോക്കാനേ പാടില്ലാന്ന്…
ഈ ക്രിസ്റ്റഫര്‍ എന്നു പറയുന്ന പദത്തിന്റെ അര്‍ത്ഥം അറിയാമോ നിനക്ക്… ക്രിസ്തുവിനെ ചുമക്കുന്നവന്‍…
സര്‍വ്വേശ്വരന്‍ അനുഗ്രഹിച്ചു തന്ന ഈ ദേവാലയത്തിന്‍മേല്‍ ഒരു ചെകുത്താന്റേയും നിഴല്‍ പോലും വീഴില്ല.
മനുഷ്യനും ചെകുത്താനും നേര്‍ക്കുനേര്‍ നില്‍ക്കുന്നിടത്ത് ദൈവത്തിനു് എന്തു കാര്യം?
ടീസറിലെ പ്രസക്ത ഭാഗങ്ങള്‍…

നന്മയും തിന്‍മയും ഏറ്റുമുട്ടുന്നതാണ് ഈ ചിത്രത്തിലുടനീളമെന്ന് ടീസറിലെ ഈ വാചകങ്ങള്‍ വ്യക്തമാക്കുന്നു.
അലിഖിതമായ പല വിശ്വാസങ്ങള്‍ക്കും, നിയമങ്ങള്‍ക്കുമെതിരേയുള്ള പോരാട്ടവും ഇതിലൂടെ മനസ്സിലാക്കാം.
1957-58 കാലഘട്ടങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നില നിന്നു പോന്ന രാഷ്ടീയ സാമൂഹ്യ പശ്ചാത്തലത്തിലൂടെ ഒരു മലയോര ഗ്രാമത്തിന്റെ കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.

അധ്വാനികളായ സാധാരണക്കാരുടെ ജീവിത പോരാട്ടവും, ധാര്‍മ്മിക രോഷത്തിന്റെ ചെറുത്തുനില്‍പ്പും, അതിനിടയിലൂടെ വികസിക്കുന്ന പ്രണയവുമൊക്കെ കോര്‍ത്തിണക്കിയുള്ള ഒരു ക്ലീന്‍ എന്റര്‍ടൈനറായിരിക്കും ഈ ചിത്രം.

ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ കയാദു ലോഹറാണ് നായിക.

മലയാളം ഉള്‍പ്പടെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

വിജയരാഘവന്‍, ബാബുരാജ്, സുധീര്‍ കരമന, തെലുങ്കു നടന്‍, ശിവകുമാര്‍, അജയ് (കന്നഡ)ജോണി ആന്റണി, ടി.ജി. രവി, ശ്രീജിത്ത് രവി, പ്രശാന്ത് അലക്‌സാണ്ടര്‍, അലക്‌സ്, കുര്യന്‍, വിനോദ് കെടാമംഗലം, ജോസുകുട്ടി, അര്‍ജുന്‍ രാജേഷ്, ആര്‍ച്ചിത്, ഗോപകുമാര്‍ അടൂര്‍, തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ഈചിത്രത്തില്‍ അണിനിരക്കുന്നു.

കോ പ്രൊഡ്യൂസേര്‍സ്- തന്‍സീര്‍ സലാം, മേഘ ശ്യാം.

ദാദാസാഹിബ്, ശിക്കാര്‍, ഒരുത്തീ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി ശ്രദ്ധേയനായ എസ്. സുരേഷ് ബാബുവാണ് തിരക്കഥ.
സംഗീതം- ജെയ്ക്ക് ബിജോയ്‌സ്, ഛായാഗ്രഹണം- ടിജോ ടോമി, എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- ദിലീപ് നാഥ്, മേക്കപ്പ്- റഷീദ് അഹമ്മദ്,
കോസ്റ്റ്യൂം ഡിസൈന്‍- മഞ്ജഷ രാധാകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേര്‍സ്- കിരണ്‍ റാഫേല്‍, റെനിത് രാജ്, സ്റ്റില്‍സ്- റിഷ് ലാല്‍ ഉണ്ണികൃഷ്ണന്‍,
കാസ്റ്റിംഗ് ഡയറക്ടര്‍- ബിനോയ് നമ്പാല, ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, ലൈന്‍ പ്രൊഡ്യൂസര്‍- അലക്‌സ്, ഇ. കുര്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രാജേഷ് മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ്- നോബിള്‍ ജേക്കബ്ബ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്- എബി കോടിയാട്ട്, ജെറി വിന്‍സന്റ്.
– വാഴൂര്‍ ജോസ്.

Post Your Comments Here ( Click here for malayalam )
Press Esc to close