പത്മവ്യൂഹത്തിലെ അഭിമന്യു; ഒടുങ്ങാത്ത ആവേശക്കാഴ്ച്ച

പത്മവ്യൂഹത്തിലെ അഭിമന്യു; ഒടുങ്ങാത്ത ആവേശക്കാഴ്ച്ച

റിവ്യു – ‘പത്മവ്യൂഹത്തിലെ അഭിമന്യു’
– ആയിഷ ഹാമിലി
‘നിന്നെയോര്‍ക്കുമ്പോള്‍ ഉള്ളില്‍ കണ്ണീരല്ല, രോഷത്തിന്റെ ചുവപ്പാണ്’ എന്ന് അഭിമന്യുവെയോര്‍ത്ത് വീര്യം ചോരാതെ പ്രഖ്യാപിച്ച ജനാധിപത്യ സമൂഹം, അഭിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറങ്ങിയ ‘പത്മവ്യൂഹത്തിലെ അഭിമന്യു’ എന്ന ചിത്രം ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്. വിനീഷ് ആരാധ്യ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം, റെഡ് മലബാര്‍ കോമ്രേഡ് സെല്‍ എന്ന സാമൂഹ്യ കൂട്ടായ്മയാണ് നിര്‍മ്മിച്ചിരിക്കുന്നത്. വയനാട്ടുകാരനും കല്‍പ്പറ്റ ഗവ: കോളേജിന്റെ പ്രിയപ്പെട്ടവനുമായ ആകാശ് ആര്യന്‍ അഭിമന്യുവായി വേഷമിട്ടിരിക്കുന്നു.
എറണാകുളം മഹാരാജാസ് കോളേജിലേക്ക് പഠിക്കാനെത്തുന്ന വട്ടവടക്കാരന്‍ അഭിമന്യുവിന്റെ ക്യാംപസിലെ തുടക്കകാല മുഹൂര്‍ത്തങ്ങളിലൂടെയാണ് സിനിമയുടെ ആദ്യഭാഗം മുന്നോട്ട് പോകുന്നത്. ഒരു ജൂനിയര്‍ വിദ്യാര്‍ത്ഥിയുടെ ഭീതിയേതും കൂടാതെ, അവകാശങ്ങള്‍ക്കായി പോര്‍വിളി മുഴക്കിയ അഭിമന്യുവിന്റെ മഹാരാജാസ് ജീവിതത്തോട് പരിപൂര്‍ണമായി നീതി പുലര്‍ത്താന്‍ സിനിമയ്ക്ക് സാധിച്ചു എന്നത് മഹത്തരമാണ്. കലാലയത്തിന്റെ ആവശ്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും മുന്നില്‍ നിന്ന, വട്ടവടയ്ക്ക് ഏറെ വേണ്ടപ്പെട്ടവനായിരുന്ന, സഖാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് പ്രിയപ്പെട്ടതായിരുന്ന അഭിമന്യുവിനെ മൂല്യച്യുതി സംഭവിക്കാതെ ആവിഷ്‌കരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്കും, അഭിനേതാക്കള്‍ക്കും, പ്രത്യേകിച്ച് ആകാശ് ആര്യനും സാധിച്ചു എന്ന് ഉറപ്പിച്ചു പറയാന്‍ കഴിയും.
സാമൂഹ്യ, സാംസ്‌കാരിക സംഘടനകളില്‍ കടന്നുകൂടാന്‍ ശ്രമിക്കുന്ന ഭീകരവാദികളെയും, അവയെ പ്രതിരോധിക്കുന്നവരോടുള്ള ഭീകരതയുടെ സമീപനത്തെയും ചിത്രം തുറന്നുകാട്ടുന്നു. കഥാതന്തുവിലെത്താനുള്ള സിനിമയുടെ ആദ്യഭാഗത്തിലെ ശ്രമങ്ങളില്‍ സ്വല്പം പോരായ്മ അനുഭവപ്പെടുന്നുണ്ടെങ്കിലും, രണ്ടാം പകുതിയെ അതിഗംഭീരമെന്നല്ലാതെ വിശേഷിപ്പിക്കാനാകില്ല. മതഭീകരതയുടെ ശത്രുപക്ഷത്ത് അഭിമന്യു എത്തിപ്പെട്ടതും, മതനിരപേക്ഷതയെ തകര്‍ക്കാനുള്ള മൗലികവാദികളുടെ ഗൂഢശ്രമങ്ങളും, അഭിമന്യുവിന്റെ കുടുംബ പശ്ചാത്തലവും, രക്തസാക്ഷിത്വവുമെല്ലാം അടക്കിപ്പിടിച്ച തേങ്ങലോടെയും ഗൗരവതയോടെയുമല്ലാതെ കണ്ടിരിക്കാനാവില്ല.
കണ്ടിറങ്ങുന്നവന്റെയുള്ളില്‍ കൃത്യമായ രാഷ്ട്രീയാവബോധവും, അഭിമന്യുവിന്റെ ധീരമായ ഓര്‍മകള്‍ തീര്‍ക്കുന്ന ജധാധിപത്യപരമായ രോഷവും സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് സിനിമയുടെ വിജയം.
‘പത്മവ്യൂഹത്തിലെ അഭിമന്യു’വിന് അഭിവാദ്യങ്ങള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | Powered by : Swap IT Solutions Pvt. Ltd.