‘വട്ടവടക്കുന്നിലുറങ്ങാതോര്‍ക്കണ് ണ്ട്…’

‘വട്ടവടക്കുന്നിലുറങ്ങാതോര്‍ക്കണ് ണ്ട്…’

“പത്മവ്യൂഹത്തിലെബഅഭിമന്യു”
റിവ്യു – അഷ്‌കര്‍ ടൊവാരിഷ്
കേരളത്തിലെ മതേതര സമൂഹത്തെയൊന്നാകെ വിഷമാധിക്യത്തിലാഴ്ത്തിയ സംഭവമായിരുന്നു മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ രക്തസാക്ഷിത്വം. ‘വര്‍ഗീയത തുലയട്ടെ’ എന്ന് ഭിത്തിയിലെഴുതിയതിന്റെ പേരിലാണ് മതതീവ്രവാദികളുടെ കൊലക്കത്തി അഭിമന്യുവിന്റെ ജീവനെടുത്തത്. കൈരളിയുടെ മഹത്തായ മതേതര മനസ്സുകളെ ഭീതിയിലാഴ്ത്തുന്നതായിരുന്നു അഭിമന്യു വധമെന്നതില്‍ സന്ദേഹമില്ല. നാടിനും വീടിനും കലാലയത്തിനും പ്രിയപ്പെട്ടതായിരുന്ന വട്ടവടക്കാരന്‍ അഭി, വര്‍ഗീയവിഷം ചീറ്റി കലാലയ സമൂഹത്തെ ഛിദ്രമാക്കാനുതകുന്ന അവസരങ്ങള്‍ക്കായി കാത്തിരുന്ന തീവ്രതയുടെ വക്താക്കള്‍ക്ക് കണ്ണിലെ കരട് തന്നെയായിരുന്നു. ‘നാന്‍ പെറ്റ മകനേ’ എന്ന് നൊന്തുവിളിച്ച അമ്മയുടെ കണ്ണീരില്‍ സ്തംഭിച്ച ഹൃദയങ്ങള്‍ക്ക് പൂര്‍വ്വാവസ്ഥ പുല്‍കാനിന്നുവരെ സാധിച്ചിട്ടില്ല എന്നതാണ് സത്യം.
വര്‍ഗീയതയെ ചെറുക്കാന്‍ തന്റെ രക്തസാക്ഷിത്വം പോലും ധാരാളമെന്ന് തെളിയിച്ച അഭിമന്യുവിന്റെ വൈപ്ലവിക ജീവിതം, നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം വെള്ളിത്തിരയിലെത്തിയിരിക്കുകയാണ്. ആര്‍.എം.സി.സിയുടെ ബാനറില്‍ നവാഗതനായ വിനീഷ് ആരാധ്യയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. വയനാട്ടുകാരനായ ആകാശ് ആര്യനാണ് അഭിമന്യുവായി വേഷം പകര്‍ന്നാടിയിരിക്കുന്നത്. വട്ടവടയെന്ന കൊച്ചുഗ്രാമത്തില്‍ നിന്നും എറണാകുളത്തെ മഹാരാജാസ് കോളേജിലേക്ക് പഠിക്കാനെത്തുന്ന അഭിമന്യുവിന്റെ ധൈഷണികവും, മഹത്തരവുമായ ജീവിത ഗന്ധിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. യുവതയുടെ സര്‍ഗാത്മക ഇടങ്ങളായ കലാലയങ്ങളില്‍, വലതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ നിന്നുമേല്‍ക്കുന്ന രാഷ്ട്രീയ പ്രഹരങ്ങള്‍ക്കും, സഹിക്കേണ്ടി വരുന്ന കോമാളിത്തരങ്ങള്‍ക്കും അപ്പുറത്ത്; അതിതീവ്രവും, ഭീകരവും, പബ്ലിക്കലി പ്രകടവുമല്ലാത്ത അനര്‍ത്ഥ ശക്തി പുരോഗമന പ്രസ്ഥാനത്തെ എതിരിടാന്‍ തക്കം പാര്‍ത്തിരിക്കുന്നു എന്ന വസ്തുത ചിത്രം പങ്കുവെയ്ക്കുന്നു.
പോരാട്ടവീര്യത്തിന്റെയും, വിപ്ലവത്തുടിപ്പിന്റെയും സുവ്യക്ത പ്രതീകമായിരുന്ന അഭിമന്യു മഹാരാജാസിനെ, മൂല്യങ്ങളൊട്ടും ചോരാതെ വെള്ളിത്തിരയില്‍ പുനരാവിഷ്‌കരിക്കുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ണതയോടെ നിര്‍വ്വഹിക്കാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ആകാശിന് കഴിഞ്ഞു എന്നതാണ് സിനിമയുടെ ഹൈലൈറ്റ്. ഭാവപ്പകര്‍ച്ചയിലും, സംഭാഷണ രീതിയിലും, വേഷപ്പകര്‍ച്ചയിലുമെല്ലാം പുതുമുഖമെന്ന പരിഭ്രമങ്ങളൊട്ടും തീണ്ടാതെ ആകാശ് മികവ് കാട്ടി. അതെ, സാക്ഷാല്‍ അഭിയായി ജീവിച്ചു. അച്ഛനുപേക്ഷിച്ച, അമ്മയും സഹോദരങ്ങളുമുള്‍പ്പെടുന്ന കുടുംബത്തിന്റെ കഷ്ടതകളെ തരണം ചെയ്ത്, ലക്ഷ്യപ്രാപ്തിക്കായി കഠിനാധ്വാനം ചെയ്യുന്ന ഒലീന എന്ന സഹപാഠിയെക്കുറിച്ച് ചിത്രത്തില്‍ അഭിയായ ആകാശ് വാചാലമാകുന്നൊരു രംഗമുണ്ട്. കേട്ടിരുന്നപ്പോള്‍ കുളിര് കോരിയൊരാനന്ദാവസ്ഥ അത് ഞങ്ങളുടെ ആര്യന്‍ തന്നെയാണ്, അവനങ്ങനെയാണ്, പ്രതിബന്ധങ്ങളെ നിഷ്പ്രഭമാക്കി ലക്ഷ്യമെത്തിപ്പിടിച്ചവനാണ്, ഞങ്ങളുടെ പ്രിയപ്പെട്ടവനായവനാണ്. ഒരുമിച്ചിരുന്ന് സ്വപ്‌നം പങ്കുവെച്ചിരുന്ന നിന്നെ ബിഗ് സ്‌ക്രീനില്‍ പ്രൗഢമായി കണ്ടപ്പോളനുഭവിച്ച കോള്‍മയിര്‍ വിവരണാതീതമാണ് സഖാ… അഭിയായി നീയെത്തിയതെത്ര മനോഹരമെന്നോ

‘ഇല്ലാ ഇല്ല മരിക്കുന്നില്ല…
രക്തസാക്ഷി മരിക്കുന്നില്ല…
ജീവിക്കുന്നു ഞങ്ങളിലൂടെ…
ഞങ്ങളിലൊഴുകും ചോരയിലൂടെ…’

പത്മവ്യൂഹത്തിലെ അഭിമന്യു പുലര്‍ത്തിയ നീതിയും സത്യവുമാണ് ഈറനണിഞ്ഞ കണ്ണുകളുമായി, അഭിമന്യുവിനും, ആകാശിനും, വര്‍ഗീയതയെ തുലയ്ക്കാനുതകുന്ന സര്‍വ്വതിനുമായി തീയേറ്ററിലിരുന്ന് അത്യാവേശപൂര്‍വ്വം മുദ്രാവാക്യം വിളിക്കാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്…

 

Post Your Comments Here ( Click here for malayalam )
Press Esc to close