മഴവില്ലു തീര്‍ക്കുന്ന’പ്രവാഹിനി കവിതകള്‍’

മഴവില്ലു തീര്‍ക്കുന്ന’പ്രവാഹിനി കവിതകള്‍’

 

-ടൈറ്റസ് കെ വിളയില്‍-

സംഗീതാത്മകമായ ചിന്തയാണ് കവിത. ശ്രുതി മധുരവും സംഗീതാത്മകവുമായ ഭാഷയില്‍ അത് വികാരത്തെ ആവിഷ്‌ക്കരിക്കുന്നു. ‘മനുഷ്യന്റെ സര്‍ഗക്രിയക്ക് പ്രാപ്യമാകാവുന്ന ഏറ്റവും ആനന്ദകരവും ഭദ്രവുമായ ഭാഷണമാണ് കവിത’എന്ന ഷെല്ലിയുടെ നിരീക്ഷണം മാലിനി (പ്രവാഹിനി) ടീച്ചറുടെ പ്രഥമ കവിതാ സമാഹാരമായ ‘ പച്ചിരിമ്പും ഹൃദയകാന്തവും” എന്ന പുസ്തകത്തിന്റെ മുഖക്കുറിപ്പായി ഞാന്‍ കാണുന്നു.
കൂട്ടമറവിയുടെ അല്‍ഷിമേഴ്‌സ് ആഘോഷിക്കപ്പെടുന്ന വര്‍ത്തമാനകാലത്ത് ഓര്‍മ ഒരു കലാപമാണ്.അത്തരമൊരു കലാപമാണ് ഈ സമാഹരം. ഇതിലെ കവിതകളില്‍ അധികവും ഓര്‍മയുടെ ഓളങ്ങളില്‍ തെളിയുന്ന സുഖദവും സുഭഗവുമായ ഭാവചിത്രങ്ങളാണ്.കവയിത്രി പറയുന്നതു പോലെ ‘പ്രണയം,പ്രാര്‍ത്ഥന,ചില സമുഹിക വിഷയങ്ങള്‍’എന്നിവ ഉള്‍ക്കൊള്ളുന്ന സൗമ്യരചനകളാണ് ‘പച്ചിരുമ്പും ഹൃദയകാന്തവും’എന്ന ഈ സമാഹാരം
ഈ കവിതകളില്‍ പ്രണയസ്മൃതികളുണ്ട്, പൈതൃകസ്ഫുരണങ്ങളുണ്ട്, വര്‍ത്തമാനകാല വ്യഥകളുണ്ട്, മരണത്തിന്റെ വ്യാകുലതകളുണ്ട്, കുടുംബബന്ധങ്ങളുടെ കാണാക്കയങ്ങളിലേക്കുള്ള ഊളിയിടലുണ്ട്, ജീവിതത്തെക്കുറിച്ചുള്ള സത്യാന്വേഷണങ്ങളും ദാര്‍ശനികചിന്തകളുമുണ്ട്. പുതിയ ഭാവുകത്വം നിര്‍മിക്കാനും അതിനുസരിച്ച് ഭാഷയെ നവീകരിക്കാനുമുള്ള പ്രയത്‌നമുണ്ട്.
അന്തഃക്ഷോഭങ്ങളുടെ മണല്‍ക്കാറ്റുകള്‍ കൂടുകൂട്ടിയ കവിതകളും കദനങ്ങളുടെ മേഘസ്‌ഫോടനങ്ങള്‍ നിറഞ്ഞ രചനകളും ഈ സമാഹരത്തിന്റെ സവിശേഷതകളാണ്.
പ്രണയത്തെക്കുറിച്ചെഴുതാത്ത കവികളുണ്ടോ? പ്രാര്‍ഥനയുടെ ഇളംകാറ്റും അതിജീവനത്തിനുള്ള അന്നജവുമാണല്ലോ അത്.എന്നാല്‍ ഭഗ്‌നപ്രണയങ്ങളുടെ കഥയാണ് ഈ സമാഹരത്തില്‍ മാലിനി ടീച്ചര്‍ വരച്ചിട്ടിരിക്കുന്നത്.
സ്ത്രീകളുടെ അടിസ്ഥാന പ്രേരണ പ്രണയമാണ് . സ്ത്രീകളുടെ മുഴുവന്‍ സത്തയും പ്രണയത്തിനുളള ആഴപ്രേരണയാണ്. അതുകൊണ്ടു തന്നെ സ്ത്രീക്ക് ഏകയായിരിക്കാന്‍ പ്രയാസമാണ്. എപ്പോഴൊക്കെ ഏകാന്തതയിലിരിക്കുന്നുവോ അപ്പോഴൊക്കെ ദുരിതത്തിലാണവള്‍. ഒരു കാമുകനുണ്ടങ്കില്‍ മനസ്സിനകത്തെന്തെങ്കിലും ഉണ്ടെങ്കില്‍ അവള്‍ സന്തോഷിക്കും. ആരെങ്കിലും സ്‌നേഹിക്കുന്നുവെങ്കില്‍, ആരെങ്കിലും പ്രണയിച്ചുവെങ്കില്‍, ഒരുവള്‍ക്ക് ചുറ്റിലും പ്രണയം നിലനില്‍ക്കുന്നുവെങ്കില്‍, അത് അവളെ ഉന്മേഷവതിയായി വളര്‍ത്തും. അതൊരു പോഷകാഹാരമാണ്. പ്രണയശൂന്യത അനുഭവപ്പെടുമ്പോള്‍ ഒരു സ്ത്രീ പട്ടിണി കിടക്കുകയാണ്. ഈ സ്‌െ്രെതണോര്‍ജജമാണ് പ്രണയത്തിന്റെയും അര്‍പ്പണത്തിന്റെയും പാത സൃഷ്ടിച്ചത് . കാമുകന്‍ നിലനില്‍ക്കുന്നുവെന്നും പ്രണയമുണ്ടെന്നുമുള്ള ആ ആശയം, ആ അനുഭവം മതി, ഒരു സ്ത്രീ നിറവ് അനുഭവിക്കാന്‍. പ്രണയിച്ചതും പ്രിയപ്പെട്ടതും ഒന്നായി മാറുന്ന ബിന്ദുവിലേക്ക് ഈ സ്‌നേഹത്തിലൂടെ അവള്‍ എത്തിച്ചേരുന്നു. ഈ എത്തിച്ചേരലിനു കഴിയാത്ത മനസ്സുകളുടെ വ്യഥയും വേപഥുവും മാലിനി ടീച്ചറിന്റെ പ്രണയ കവിതകളില്‍ ഒരു നീറ്റലായി പടര്‍ന്നു നില്‍ക്കുന്നു
കവയിത്രി പറയുന്നു:’കണ്ണനെന്ന സങ്കല്‍പ്പമില്ലായിരുന്നെങ്കില്‍ ഇന്ത്യയിലെ സ്ത്രീകളില്‍ ഭൂരിപക്ഷവും കടലില്‍ ചാടി ചാകുമായിരുന്നു’ഉള്‍ക്കൊള്ളലിന്റെ സ്‌നിഗ്ദ്ധത തീണ്ടാത്ത രതിയടങ്ങിയ വര്‍ത്തമാനകാല ദാമ്പത്യവും സ്‌നേഹരഹിതമായ കുടുംബ ബന്ധങ്ങളും പ്രണയരഹിതമായ പ്രണയങ്ങളും മാംസനിബദ്ധം മാത്രമായ അനുരാഗങ്ങളും സ്ത്രീമനസ്സിലെ ആര്‍ദ്രതയെ എത്രമാത്രം ഊഷരമാക്കി അല്ലെങ്കില്‍ അവളുടെ സങ്കല്‍പ്പങ്ങളിലും കാമനകളിലും എത്ര ക്രൂരമായി ഗ്രീഷ്മം നിറച്ചു എന്ന വാസ്തവത്തിന്റെ ദര്‍പ്പണദൃശ്യങ്ങളാണ് മാലിനിയുടെ കവിതകള്‍.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES