ഫിദ-
തൃശൂര്‍: ഔഷധിയുടെ പഞ്ചകര്‍മ ആശുപത്രി ആന്റ്് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍ എന്നിവരും സംബന്ധിക്കും. ചികിത്സ തേടുന്നവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കാനാണ് പുതിയ കെട്ടിടം പണിതത്. ആദ്യഘട്ടത്തില്‍ 1,965 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 50 കിടക്കകളോടെ മൂന്നുനില കെട്ടിടം പണിതീര്‍ത്തു. ആധുനിക സൗകര്യങ്ങളോടെ 24 മുറികളും 12 പഞ്ചകര്‍മ്മ തിയേറ്ററും സജ്ജീകരിച്ചിട്ടുണ്ട്. എട്ട് കോടി രൂപയാണ് ചെലവ്. 3,354 ചതുരശ്ര മീറ്ററില്‍ ആറ് നിലകളിലായി നൂറ് കിടക്കകളുള്ള ആശുപത്രി കെട്ടിടം പണിയുകയാണ് ലക്ഷ്യം.
കുട്ടനെല്ലൂരിലെ ഔഷധസസ്യ വിജ്ഞാപന വ്യാപന കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5.30ന് കുട്ടനെല്ലൂര്‍ ഔഷധി ഫാക്ടറി കോമ്പൗണ്ടില്‍ മന്ത്രി കെ.കെ. ശൈലജ നിര്‍വഹിക്കും. മന്ത്രി വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷനാകും. ഇവിടെ രണ്ടായിരം ചതുരശ്ര അടിയില്‍ നിര്‍മ്മിച്ച പോളിഹൗസില്‍ മൂന്നൂറിലേറെ ഔഷധസസ്യങ്ങളുടെ പ്രദര്‍ശനമുണ്ടാകും. ഔഷധസസ്യങ്ങള്‍ വളര്‍ത്തിയെടുത്ത് ഔഷധ നിര്‍മ്മാണ രംഗത്തെ പ്രതിസന്ധി പരിഹരിക്കുകയാണ് ലക്ഷ്യം.