ഒരു നുറുങ്ങു സംശയം ഓസ്‌കാറിലേക്കും റഷ്യന്‍ ലാംപായിലേക്കും

ഒരു നുറുങ്ങു സംശയം ഓസ്‌കാറിലേക്കും റഷ്യന്‍ ലാംപായിലേക്കും

എംഎം കമ്മത്ത്-
കൊച്ചി: നടി രമ്യ നമ്പീശന്‍ നിര്‍മ്മിച്ച അനൂപ് ഉമ്മന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച, നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘ഒരു നുറുങ്ങ് സംശയം’ ‘The Little Riddle’ എന്ന ഹ്രസ്വ ചിത്രം ഓസ്‌കാറിലേക്കും റഷ്യന്‍ ലാംപാ ഫിലിം ഫെസ്റ്റിവലിലേക്കും. ആഗസറ്റ് 13 മുതല്‍ 16 വരെ നടക്കുന്ന ബാംഗ്ലൂര്‍ ഫിലിം ഫെസ്റ്റിവലില്‍ ഇന്‍ഡ്യന്‍ സിനിമ ഓസ്‌കാര്‍ ക്വോളിഫൈഡ് ലൈവ് ആക്ഷന്‍ മത്സരവിഭാഗത്തിലേക്കും, റഷ്യയിലെ പെര്‍മം സിറ്റിയില്‍ ഒക്‌ടോബര്‍ 14ന് ആരംഭിക്കുന്ന ലാംപാ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
മധ്യവേനലവധിക്കാലം ചെലവഴിക്കാന്‍ നഗരത്തിലെ ഫഌറ്റില്‍ നിന്നും തങ്ങളുടെ ഗ്രാമത്തിലേക്കെത്തുന്ന ദീപക്-ശ്രിന്ദ ദമ്പതികളും അവരുടെ പ്രൈമറിസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായ അമ്മുവും തങ്ങളുടെ ഗ്രാമത്തിലെ വീട്ടിലെത്തുന്നതോടെയാണ് ‘ഒരു നുറുങ്ങുസംശയം’ ആരംഭിക്കുന്നത്. ഗ്രാമത്തിലെത്തുന്ന അമ്മുവിന് സമപ്രായക്കാരായ ഒരു പിടി കൂട്ടുകാരെയും കിട്ടുന്നു. ചിത്രം വരച്ചും പാട്ടുപാടിയും പശുക്കള്‍ക്കൊപ്പം നടന്നും അവള്‍ ഗ്രാമത്തിന്റെ ഭാഗമാകുന്നു. പക്ഷെ അവള്‍ തന്റെ മുത്തച്ഛനോട് വല്ലാത്ത ഒരു അകല്‍ച്ചയും ഭയവും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ആ ഭയത്തിന്റെ കാരണം അമ്മു വെളിപ്പെടുത്തുമ്പോള്‍ അത് മാതാപിതാക്കളേയും പ്രേക്ഷകരേയും ഒരേസമയം അമ്പരപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്യുന്നു.
‘ഒരു നുറുങ്ങ് സംശയത്തിന് വിന്ധ്യ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, മധ്യപ്രദേശില്‍ മികച്ച ഹ്രസ്വചിത്രത്തിനും, ഛായാഗ്രഹണത്തിനുമുള്ള അവാര്‍ഡ്, നെക്സ്റ്റ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ്, നാലാമത് പൂനെ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്, ജമ്മു കാശ്മീര്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ്, കൂടാതെ മികച്ച ഛായാഗ്രഹണം, സംഗീത സംവിധാനം എന്നിവക്കുള്ള അവാര്‍ഡുകള്‍, ബംഗലൂരു സ്‌മൈഫ ഫിലിം ഫെസ്റ്റിവലില്‍ മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് തുടങ്ങി പത്തോളം അവാര്‍ഡുകളും ഇരുപത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലുകളില്‍ വിവിധ ഔദ്യോഗികക്ഷണവും ചിത്രം നേടിയിട്ടുണ്ട്. ദീപക്കായി വിനീത് കുമാറും, ശ്രിന്ദയായി രമ്യാനമ്പീശനും, നാരായണനായി സുബ്രഹ്മണ്യന്‍ ഉണ്ണിയും, മാധവിയമ്മയായി അംബികാറാവുവുമാണ് വേഷമിട്ടിരിക്കുന്നത്. ബേബി യാറാ ഖാലിദ് എന്ന പുതുമുഖമാണ് അമ്മുവെന്ന കഥാപാത്രത്തിലെത്തുന്നത്. ഗാനങ്ങള്‍, സംഗീത സംവിധാനം- രാഹുല്‍ സുബ്രഹ്മണ്യന്‍, എഡിറ്റിംഗ്- ദീപു ജോസഫ്, സൗണ്ട് എന്‍ഞ്ചിനിയര്‍- മനോജ് സി മാത്യു, ആര്‍ട്ട്- കൈലാസ് തൃപ്പൂണിത്തുറ, കോസ്റ്റ്യൂംസ്- അജിത് ഡേവിഡ്, മേക്കപ്പ്- ജോര്‍ജ്ജ്, കളറിസ്റ്റ്- ശ്രിക് വാര്യര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്- ജോസ് വരാപ്പുഴ, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അരുണ്‍ ആലാട്ട്, രമ്യ നമ്പീശന്‍, ബേബി വൈഷ്ണവി. പിആര്‍ഒ- അയ്മനം സാജന്‍, സ്റ്റുഡിയോ- പ്രിസം പിക്‌സല്‍സ്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയുള്ള ശക്തമായ സന്ദേശം കാവ്യഭാവനയിലൂടെ സംവിധായകന്‍ ചിത്രത്തിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്ര യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയകളിലും വയറലാണ്.

Post Your Comments Here ( Click here for malayalam )
Press Esc to close