ഉള്ളി വിലയും കുതിച്ചുയരുന്നു

ഉള്ളി വിലയും കുതിച്ചുയരുന്നു

ഗായത്രി
കൊച്ചി: തക്കാളിക്കു പിന്നാലെ രാജ്യത്ത് ഉള്ളിവിലയും കുതിച്ചുയരുന്നു. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഏഷ്യയിലെ ഏറ്റവും വലിയ ഉള്ളി മൊത്തവിപണിയായ ലാസല്‍ഗാവ് ചന്തയില്‍ രണ്ടു ദിവസത്തിനിടെ മൊത്തവില ഇരട്ടിയായി. ചില്ലറവിപണിയിലും അതിന്റെ പ്രതിഫലനമുണ്ടാവും.
രാജ്യത്ത് ഏറ്റവുധികം ഉള്ളിയുത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയിലാണ്. രണ്ടാം സ്ഥാനത്തുള്ള കര്‍ണാടകത്തില്‍ മഴക്കുറവിനെത്തുടര്‍ന്ന് ഉത്പാദനം തീരെ കുറഞ്ഞു. രാജസ്ഥാനിലും ഗുജറാത്തിലും കനത്തമഴയില്‍ കൃഷി നശിച്ചു. അതിനാല്‍ മഹാരാഷ്ട്രയില്‍നിന്നുള്ള ഉള്ളിയെയാണ് രാജ്യം ആശ്രയിക്കുന്നത്. ലാസല്‍ഗാവ് വിപണിയായിരിക്കും വരും മാസങ്ങളില്‍ ഉള്ളിവില നിര്‍ണയിക്കുക. ഇതു മുന്‍കൂട്ടിക്കണ്ട് വ്യാപാരികളും ചില കര്‍ഷകരും ഉള്ളി പൂഴ്ത്തിവെച്ചതും വിലവര്‍ധനയ്ക്ക് കാരണമായി.
കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം 215.6 ലക്ഷം ടണ്‍ ഉള്ളിയാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. ഇതിന്റെ 27.72 ശതമാനവും മഹാരാഷ്ട്രയിലാണു വിളഞ്ഞതെന്ന് അഗ്രിക്കള്‍ച്ചറല്‍ ആന്‍ഡ് പ്രൊസസ്ഡ് ഫുഡ് പ്രൊഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി പറയുന്നു.
ലാസല്‍ഗാവ് മൊത്ത വിപണിയില്‍ ശനിയാഴ്ച ക്വിന്റലിന് 2,300 രുപക്കാണ് സവാള വിറ്റത്. വ്യാഴാഴ്ച വരെ 1,200 രൂപക്കു കച്ചവടം നടന്ന സ്ഥാനത്താണിത്. ജൂലൈ ആദ്യം ക്വിന്റലിന് 500 രൂപയായിരുന്നു വില. കഴിഞ്ഞ വര്‍ഷം ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ക്വിന്റലിന് ശരാശരി 1,000 രൂപയായിരുന്നു വില.
മഹാരാഷ്ട്രയിലെ ചില്ലറ വിപണിയില്‍ കഴിഞ്ഞയാഴ്ച തക്കാളി വില കിലോഗ്രാമിന് 120 രൂപ വരെയെത്തിയിരുന്നു. ലാസല്‍ഗാവിലെ ചന്തയില്‍ ഈവര്‍ഷമാദ്യം ഒരു കിലോ തക്കാളിക്ക് രണ്ടുരൂപ പോലും കിട്ടിയിരുന്നില്ല. കയറ്റുമതി കുറഞ്ഞതും നോട്ടു നിരോധനത്താല്‍ ക്രയവിക്രയം നിലച്ചതുമാണ് കര്‍ഷകര്‍ക്ക് ദുരിതമായത്. അന്നത്തെ നഷ്ടം അടുത്ത വിളവിറക്കലിനെ ബാധിച്ചു. വിലവര്‍ധനയ്ക്ക് അതും കാരണമായി.

Post Your Comments Here ( Click here for malayalam )
Press Esc to close