ഇന്ത്യ കയറ്റുമതി നിര്‍ത്തി; ബംഗ്ലാദേശില്‍ ഉള്ളി വിലക്ക് റെക്കോര്‍ഡ്

ഇന്ത്യ കയറ്റുമതി നിര്‍ത്തി; ബംഗ്ലാദേശില്‍ ഉള്ളി വിലക്ക് റെക്കോര്‍ഡ്

ഫിദ-
ധാക്ക: ഇന്ത്യ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശില്‍ ഉള്ളി വില റെക്കോര്‍ഡിലേക്കെത്തി. ഇതേ തുടര്‍ന്ന് പ്രധാനമന്ത്രി ഷേഖ് ഹസീന വരെ തന്റെ മെനുവില്‍ നിന്ന് ഉള്ളി ഒഴിവാക്കിയതായാണ് സൂചന.
കനത്ത മഴയെ തുടര്‍ന്ന് വിളവെടുപ്പ് കുറഞ്ഞതിനാല്‍ ഇന്ത്യ സെപ്റ്റംബറിലാണ് ഉള്ളി കയറ്റുമതി ചെയ്യുന്നത് നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അക്ഷാര്‍ത്ഥത്തില്‍ ബംഗ്ലാദേശുകാരുടെ കണ്ണ് നനച്ചിരിക്കുകയാണ്. 30 ടാക്ക ഉണ്ടായിരുന്ന ഉള്ളിക്ക് ഇന്ത്യയില്‍ നിന്ന് വരവ് നിലച്ചതിന് ശേഷം 260 ടാക്ക (220 രൂപ)യിലേക്കെത്തി.
ഇപ്പോള്‍ വിമാനം വഴിയാണ് ഉള്ളി ഇറക്കുമതി ചെയ്യുന്നതെന്ന് ഷേഖ് ഹസീനയുടെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ഹസന്‍ ജാഹിദ് തുഷര്‍ പറഞ്ഞു. വിഭവങ്ങളില്‍ ഉള്ളിയുടെ ഉപയോഗം നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. മ്യാന്മര്‍, തുര്‍ക്കി, ചൈന, ഈജിപ്ത് എന്നിവിടങ്ങളിലാണ് വിമാനം വഴി ബംഗ്ലാദേശിലേക്ക് ഇപ്പോള്‍ ഉള്ളി എത്തുന്നത്.
ചില മാര്‍ക്കറ്റുകളില്‍ മണിക്കൂറുകളോളം ക്യൂ നിന്ന ശേഷമാണ് പലര്‍ക്കും ഉള്ളി ലഭിക്കുന്നത്. ചിലയിടങ്ങളില്‍ ഇതിനെ ചൊല്ലി തര്‍ക്കവും പതിവായിരിക്കുന്നു. ഇതിനിടെ ബംഗ്ലാദേശിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതൊരു രാഷ്ട്രീയ വിഷയമായും ഏറ്റെടുത്തിട്ടുണ്ട്.

Post Your Comments Here ( Click here for malayalam )
Press Esc to close