‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി; ഭക്ഷ്യധാന്യവിലയില്‍ ആശയക്കുഴപ്പം

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി; ഭക്ഷ്യധാന്യവിലയില്‍ ആശയക്കുഴപ്പം

ഫിദ-
കൊച്ചി: ‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പദ്ധതി നടപ്പാക്കാന്‍ കേന്ദ്രം ഒരുങ്ങുമ്പോള്‍ ഭക്ഷ്യധാന്യവിലയില്‍ ആശയക്കുഴപ്പം. ഭക്ഷ്യഭദ്രതാനിയമമനുസരിച്ച് കേന്ദ്രം രാജ്യമൊട്ടാകെ ഒറ്റവില നിശ്ചയിച്ചെങ്കിലും ഓരോ സംസ്ഥാനവും വിലയില്‍ മാറ്റങ്ങള്‍ വരുത്തിയതാണ് പ്രതിസന്ധിക്ക് കാരണം.
മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് (ചുവപ്പുകാര്‍ഡ്) മൂന്നുരൂപക്ക് അരിയും രണ്ടുരൂപക്ക് ഗോതമ്പും ഒരുരൂപക്ക് പയറുവര്‍ഗങ്ങളും നല്‍കാനാണ് ദേശീയ ഭക്ഷ്യഭദ്രതാനിയമം നിര്‍ദേശിക്കുന്നത്. കേരളം ചുവപ്പുകാര്‍ഡുകാര്‍ക്ക് രണ്ടുരൂപയ്ക്കാണ് അരി നല്‍കുന്നത്. കര്‍ണാടകയില്‍ സൗജന്യവും. ഇതുപോലെ മറ്റുസംസ്ഥാനങ്ങളിലും വില വ്യത്യസ്തമാണ്.
കേരളത്തിലുള്ളവര്‍ കര്‍ണാടകയില്‍നിന്ന് അരി വാങ്ങിയാല്‍ സൗജന്യമായും കര്‍ണാടകയിലുള്ളവര്‍ കേരളത്തില്‍നിന്ന് അരി വാങ്ങിയാല്‍ രണ്ടുരൂപയും നല്‍കേണ്ടിവരുമോ അതോ അതത് സംസ്ഥാനങ്ങളിലുള്ള വിലതന്നെ തുടരുമോ എന്നതിലാണ് ആശയക്കുഴപ്പം. കേന്ദ്രഭക്ഷ്യമന്ത്രാലയം അടുത്തിടെ വിളിച്ചുചേര്‍ത്ത രണ്ടുയോഗങ്ങളിലും വ്യക്തതയായില്ല.
2020 ജനുവരിയിലാണ് രാജ്യമൊട്ടാകെ പദ്ധതി ആരംഭിക്കുന്നത്. അടുത്തമാസം അഞ്ചുക്ലസ്റ്ററുകള്‍ രൂപവത്കരിച്ച് 10 സംസ്ഥാനങ്ങളില്‍ ആദ്യഘട്ടം നടപ്പാക്കും. ഇതില്‍ കേരളവും കര്‍ണാടകവും ചേര്‍ന്നതാണ് ഒരു ക്ലസ്റ്റര്‍. രണ്ടുസംസ്ഥനത്തെയും കാര്‍ഡുടമകളുടെ വിവരങ്ങള്‍ ചേര്‍ത്ത് ഒറ്റ ഡേറ്റാബാങ്ക് ആക്കും. ഇതിനുശേഷമായിരിക്കും വിതരണം.
കേരളത്തില്‍ നേരത്തേ മുന്‍ഗണനാവിഭാഗങ്ങള്‍ക്ക് സൗജന്യമായാണ് അരി നല്‍കിയിരുന്നത്. പിന്നീട് റേഷന്‍വ്യാപാരികള്‍ക്ക് വേതനപാക്കേജ് നടപ്പാക്കിയപ്പോഴുണ്ടായ അധികബാധ്യത ഒഴിവാക്കാന്‍ അരിക്ക് രണ്ടുരൂപ ഈടാക്കാന്‍ തീരുമാനിച്ചു.
ഭക്ഷ്യധാന്യവിലയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രഭക്ഷ്യമന്ത്രാലയം യോഗം വിളിക്കുമെന്നാണ് കരുതുന്നത്. ഇല്ലെങ്കില്‍ കര്‍ണാടകയുമായി ധാരണയുണ്ടാക്കും. കഴിഞ്ഞ യോഗങ്ങളിലൊന്നും വിലയിലെ ആശയക്കുഴപ്പം ചര്‍ച്ചയായില്ല. പോര്‍ട്ടബിലിറ്റി നടപ്പാക്കിയ സംസ്ഥാനങ്ങളുടെ ക്ലസ്റ്റര്‍ രൂപവത്കരണം മാത്രമാണ് നടന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close