ഓണച്ചന്തകള്‍ വഴി സബ്‌സിഡി നിരക്കിലുള്ള അരി കിട്ടാനില്ല

ഓണച്ചന്തകള്‍ വഴി സബ്‌സിഡി നിരക്കിലുള്ള അരി കിട്ടാനില്ല

ഗായത്രി-
തിരു: സംസ്ഥാനത്ത് ഓണച്ചന്തകള്‍ വഴി സബ്‌സിഡി നിരക്കില്‍ നല്‍കാനുള്ള അരി കിട്ടാനില്ല. അരി നല്‍കാനാവില്ലെന്ന് ടെന്‍ഡര്‍ ഏറ്റെടുത്ത ഏജന്‍സികള്‍ കണ്‍സ്യൂമര്‍ ഫെഡിനെ അറിയിച്ചു. മൂന്ന് ഏജന്‍സികളാണ് 68,684 ക്വിന്റല്‍ ആന്ധ്ര ജയ അരി വിതരണംചെയ്യാന്‍ ടെന്‍ഡര്‍ എടുത്തിരുന്നത്.
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കാണിച്ച് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഏജന്‍സികളുടേത് മനഃപൂര്‍വം വിലകൂട്ടാനുള്ള ശ്രമമാണെന്ന് സംശയിക്കുന്നതായും കത്തില്‍ പറയുന്നു. ഉയര്‍ന്ന വിലക്ക് അരി വാങ്ങാനുള്ള നീക്കവും പിന്മാറ്റത്തിനു പിന്നിലുണ്ടെന്നു സംശയമുണ്ട്.
സഹകരണ സംഘങ്ങള്‍വഴി 3500 ഓണച്ചന്തകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ ചന്തകള്‍ വഴി ഒരു റേഷന്‍ കാര്‍ഡിന് അരി ഉള്‍പ്പെടെ 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുക. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയുടെ ഒരു വിഹിതം മുന്‍കൂറായി കണ്‍സ്യൂമര്‍ ഫെഡിന് നല്‍കിയിട്ടുമുണ്ട്.
സബ്‌സിഡി സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡിന് വിതരണംചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ കമ്മോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സേഞ്ചിനാണ് (എന്‍.സി.ഡി.ഇ.എക്‌സ്.) ഓര്‍ഡര്‍ നല്‍കിയത്. ഇവരില്‍നിന്ന് ടെന്‍ഡറെടുത്ത ഏജന്‍സികളാണ് അരി വിതരണം ചെയ്യാനാകില്ലെന്ന് അറിയിച്ചത്.
ഏജന്‍സികളുടെ പിന്മാറ്റത്തിലും ദുരൂഹതയുണ്ട്. അരിവിതരണം ഏറ്റെടുത്ത മൂന്ന് ഏജന്‍സികളും കേരളത്തിലുള്ളതും കണ്‍സ്യൂമര്‍ഫെഡിന് നേരത്തേ സാധനങ്ങള്‍ നല്‍കിയിരുന്നവരുമാണ്. എന്‍.സി.ഡി.ഇ.എക്‌സിന്റെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്യുകയും ബാങ്ക് ഗ്യാരന്റിയും നിശ്ചിത നിരതദ്രവ്യവും നല്‍കണം.
സാധനങ്ങള്‍ വിതരണംചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍, നഷ്ടം ഏജന്‍സികള്‍ നല്‍കിയ സെക്യൂരിറ്റി തുകയില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിലും ഏജന്‍സികളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഇത് നിലനില്‍ക്കെയാണ് ഏജന്‍സികളുടെ പിന്മാറ്റം. ഇക്കാര്യം എന്‍.സി.ഡി.ഇ.എക്‌സിനെ അറിയിച്ചിട്ടുമില്ല.
സെപ്റ്റംബര്‍ ഒന്നുമുതലാണ് ഓണച്ചന്തകള്‍. ഇതിനിടെ വീണ്ടും ടെന്‍ഡര്‍ വിളിച്ച് പുതിയ ഏജന്‍സികളെ നിശ്ചയിക്കാനാവില്ല. വിതരണമേറ്റെടുത്ത ഏജന്‍സികള്‍ പിന്മാറിയാല്‍ കണ്‍സ്യൂമര്‍ഫെഡിന് ഉയര്‍ന്ന തുകക്ക് അരി വാങ്ങേണ്ടിവരും. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടവുമുണ്ടാകും.
നേരത്തെ ആന്ധ്രയില്‍നിന്ന് അരിയെത്തിച്ചതില്‍ വന്‍ക്രമക്കേടുണ്ടായിരുന്നു. രണ്ടു ലോഡ് അരി കാണാതെ പോയി. അന്ന് പര്‍ച്ചേസിന്റെ ചുമതല വഹിച്ചിരുന്നവരെ ഇടക്കാലത്ത് മാറ്റിനിര്‍ത്തി. അന്ന് ആരോപണം നേരിട്ടവരാണ് ഇപ്പോള്‍ ആ ചുമതല വഹിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close
All rights reserved © BizNewsIndia.Com | site maintained by : HEDONE SERVICES