നെഞ്ചിടിപ്പോടെ ഓണച്ചിത്രങ്ങള്‍

നെഞ്ചിടിപ്പോടെ ഓണച്ചിത്രങ്ങള്‍

ഫിദ
ഓണം റിലീസുകള്‍ ആശ്വാസമായേക്കുമെന്ന പ്രതീക്ഷയില്‍ സിനിമാലോകം. പത്തോളം ചിത്രങ്ങളാണ് ഓണം റിലീസുകളായി നിശ്ചയിച്ചിരുന്നതെങ്കിലും സൂപ്പര്‍ മെഗാ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ചിത്രങ്ങളടക്കം അഞ്ചേ അഞ്ച് ചിത്രങ്ങള്‍ മാത്രമേ ഓണം റിലീസുകളായി തിയറ്ററുകളിലെത്തൂവെന്നതാണ് സൂചന. വിജയപ്രതീക്ഷയോടെ തിയേറ്ററുകളിലെത്തുന്ന മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങള്‍ തമ്മിലുള്ള മത്സരം തന്നെയായിരിക്കും ഈ ഓണ മത്സരത്തിന് മാറ്റ് കൂട്ടുന്നത്. ലാല്‍ജോസും മോഹന്‍ലാലും ഒന്നിക്കുന്ന വെളിപാടിന്റെ പുസ്തകമാണ് ഓണം റിലീസുകളില്‍ ആദ്യമെത്തുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന വെളിപാടിന്റെ പുസ്തകം മാക്‌സ് ലാബ് റിലീസാണ് തിയേറ്ററുകളിലെത്തിക്കുന്നത്. മോഹന്‍ലാല്‍ ഒരു തീരദേശ കോളേജിലെ വൈസ് പ്രിന്‍സിപ്പലായിയെത്തുന്ന ചിത്രത്തില്‍ അന്നാരാജനും പ്രിയങ്കാ നായരുമാണ് നായികമാരാകുന്നത്. സിദ്ദിഖ്, സലിംകുമാര്‍, അനൂപ് മേനോന്‍, വിജയ്ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍.
സൂപ്പര്‍ മെഗാതാര ചിത്രങ്ങളോടൊപ്പം യുവ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളും ഓണ മത്സരത്തിനെത്തുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍ സുപ്രധാന വേഷമവതരിപ്പിക്കുന്ന പറവ, നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, പൃഥ്വിരാജ് നായകനാകുന്ന ആദം ജോണ്‍ എന്നിവ സെപ്തംബര്‍ രണ്ടിനാണ് റിലീസ് ചെയ്യുന്നത്.
മമ്മൂട്ടിച്ചിത്രമായ പുള്ളിക്കാരന്‍ സ്റ്റാറായിലെ പാട്ടുകള്‍ക്ക് ഈണമിട്ടിരിക്കുന്നത് എം. ജയചന്ദ്രനാണ്. കൊച്ചുഗായിക ശ്രേയ പാടിയ മിഠായിപ്പാട്ട് ഇന്‍സ്റ്റന്റ് ഹിറ്റാണ്. യൂണിവേഴ്‌സല്‍ സിനിമാസിന്റെ ബാനറില്‍ ബി. രാകേഷ് നിര്‍മ്മിച്ച് ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ ആന്റോ ജോസഫ് ഫിലിം കമ്പനി സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തിക്കും. മമ്മൂട്ടി ടീച്ചേഴ്‌സ് ട്രെയിനറായ രാജകുമാരന്‍ എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍.
നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധായകനാകുന്ന പറവ അന്‍വര്‍ റഷീദ് എന്റടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ സുപ്രധാന വേഷമവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷെയ്ന്‍ സിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ഹരിശ്രീ അശോകന്‍ എന്നിവരും വേഷമിടുന്നുണ്ട്.
രണ്‍ജി പണിക്കരുടെ നിര്‍മ്മാണ വിതരണക്കമ്പനിയായ രണ്‍ജി പണിക്കര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് പൃഥ്വിരാജിന്റെ ആദം ജോണ്‍ പ്രദര്‍ശനശാലകളിലെത്തിക്കുന്നത്. പൃഥ്വിരാജ് ചിത്രങ്ങളായ മാസ്‌റ്റേഴ്‌സ്, ലണ്ടന്‍, ബ്രിഡ്ജ് എന്നിവയുടെ തിരക്കഥാകൃത്തായ ജിനു എബ്രഹാം ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആദം ജോണ്‍ എറണാകുളത്തും സ്‌കോട്ട്‌ലന്‍ഡിലുമായാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഭാവനയും മിഷ്ടിയുമാണ് നായികമാര്‍.
നിവിന്‍ പോളി ചിത്രങ്ങളായ പ്രേമത്തിലും സഖാവിലും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച അല്‍ത്താഫ് സലിം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേളയില്‍ ഒരു പ്രവാസിയുടെ വേഷമാണ് നിവിന്‍ പോളിക്ക്. ഐശ്വര്യ ലക്ഷ്മിയും, അഹാനകൃഷ്ണകുമാറുമാണ് നായികമാര്‍. പോളി ജൂനിയര്‍ ഫിലിംസിന്റെ ബാനറില്‍ നിവിന്‍ പോളി നിര്‍മ്മിക്കുന്ന ചിത്രം ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റാണ് തിയറ്ററുകളിലെത്തിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close