ഒമാനില്‍ ഇന്‍ഷുറന്‍സിലും സ്വദേശി വത്കരണം; മലയാളി പ്രവാസികള്‍ അശങ്കയില്‍

ഒമാനില്‍ ഇന്‍ഷുറന്‍സിലും സ്വദേശി വത്കരണം; മലയാളി പ്രവാസികള്‍ അശങ്കയില്‍

അളക ഖാനം-
മസ്‌കത്ത്: ഒമാനിലെ ഇന്‍ഷുറന്‍സ് ഏജന്‍സി മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്. 2016ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്.
ഇന്‍ഷുറന്‍സ് ബിസിനസിന്റെ മറ്റു മേഖലകളിലും സ്വദേശിവത്കരണം നടപ്പാക്കുന്നുണ്ട്. കമ്പനികളിലും ഇന്‍ഷുറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജന്‍സികളില്‍ മാത്രമാണ് പൂര്‍ണമായി നടപ്പാക്കാന്‍ നിര്‍ദേശമുള്ളത്. കമ്പനികളിലെയും ബ്രോക്കറേജ് മേഖലയിലെയും സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികള്‍ നടന്നുവരുകയാണ്.
ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനി, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ അഹ്‌ലിയ ഇന്‍ഷുറന്‍സ്, ഒമാന്‍ നാഷനല്‍ ലൈഫ് ആന്റ്് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി, അല്‍ മദീന, തകാഫുല്‍ ഒമാന്‍ എന്നിവയാണ് ഏജന്‍സികളുള്ള പ്രധാന ഇന്‍ഷുറന്‍സ് കമ്പനികള്‍. ഈ കമ്പനികള്‍ക്ക് 150ല്‍ അധികം ഏജന്‍സികളാണുള്ളത്. ഓരോ ഏജന്‍സികളിലും അഞ്ചില്‍ താഴെ ജീവനക്കാരാണ് ഉണ്ടാവുക. ഇവയില്‍ 75 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരില്‍ നല്ല ശതമാനം മലയാളികളുമുണ്ട്.
പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കണമെന്ന് കാട്ടി അധികൃതരില്‍ നിന്ന് കമ്പനികള്‍ക്ക് കഴിഞ്ഞ വര്‍ഷം കത്ത് ലഭിച്ചിരുന്നു. എന്നാല്‍, സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടിത്തരണമെന്നാവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല. കാലാവധി നീട്ടിക്കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇന്‍ഷുറന്‍സ് ഏജന്റുമാര്‍. സ്വദേശിവത്കരണം നടപ്പായാല്‍ ഏറ്റവും കൂടുതല്‍ മലയാളികളെയാണ് പ്രതികൂലമായി ബാധിക്കുക. കാലാവധി നീട്ടിക്കിട്ടിയില്ലെങ്കില്‍ നിരവധി പേര്‍ക്ക് രാജ്യം വിടേണ്ടിവരും. ഇവരില്‍ പലരും നിരവധി വര്‍ഷങ്ങളായി ഒമാനില്‍ കഴിയുന്നവരാണ്. 30 വര്‍ഷത്തിലധികവും മറ്റും ഇന്‍ഷുറന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരും സ്വദേശിവത്കരണ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ നല്ല ശതമാനം കുടുംബമായി കഴിയുന്നവരുമാണ്. ഈ പ്രായത്തില്‍ നാട്ടിലേക്ക് തിരിക്കുന്നവര്‍ക്ക്് മറ്റ്‌ േജാലികള്‍ കണ്ടെത്താനും ചെയ്യാനും പ്രയാസവുമുണ്ടാവും. ഏതായാലും സ്വദേശിവത്കരണത്തിന് കാലാവധി നീട്ടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍.

 

Post Your Comments Here ( Click here for malayalam )
Press Esc to close