പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നികുതി

പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന സമ്മാനങ്ങള്‍ക്ക് നികുതി

ഗായത്രി-
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് പ്രവാസി ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന വിലപിടിപ്പുള്ള സമ്മാനങ്ങള്‍ക്ക് നികുതി. മോദിസര്‍ക്കാര്‍ അവതരിപ്പിച്ച പുതിയ ബജറ്റിലാണ് ഈ നിര്‍ദേശം. ബജറ്റ് അവതരിപ്പിച്ച ജൂലൈ അഞ്ചു മുതല്‍ നടത്തിയ ഇത്തരം എല്ലാ കൈമാറ്റങ്ങള്‍ക്കും നികുതി ബാധകം.
ഇന്ത്യയില്‍ താമസിക്കുന്ന ഒരാള്‍ പ്രവാസി ഇന്ത്യക്കാരന് നല്‍കുന്ന സമ്മാനം വിലപിടിച്ചതാണെങ്കില്‍ക്കൂടി നികുതിയിനത്തില്‍ പെടുത്തിയിരുന്നില്ല. പ്രവാസിക്ക് മറുനാട്ടില്‍ കിട്ടുന്ന വരുമാനത്തിന് ഇവിടെ നികുതി ഈടാക്കാന്‍ കഴിയില്ലെന്നായിരുന്നു നിലപാട്.
എന്നാല്‍, പ്രവാസിക്ക് കിട്ടുന്ന സമ്മാനം ഇന്ത്യയില്‍ സമ്പാദിച്ച വരുമാനം എന്ന നിലക്കാണ് ഇപ്പോള്‍ നികുതിവിധേയമാക്കി മാറ്റുന്നത്. ഇന്ത്യക്കാര്‍ക്ക് ബാധകമായ നികുതിനിരക്കുകള്‍ ഈ കൈമാറ്റ വസ്തുവിനും ബാധകം. ഇന്ത്യക്കു പുറത്തേക്കു നല്‍കുന്ന ഓഹരി, വസ്തുവകകള്‍, പണം എന്നിവക്കെല്ലാം നികുതി ബാധകമാണ്. പ്രവാസിയാണ് സമ്മാനവിവരം വെളിപ്പെടുത്തി നികുതി നല്‍കേണ്ടത്.
10 ലക്ഷത്തില്‍ കൂടിയ സമ്മാനമാണെങ്കില്‍ 30 ശതമാനം നികുതി നല്‍കണം. പഠനാവശ്യത്തിനോ വിദേശത്ത് വീടു വാങ്ങാനോ മറ്റോ ഇതില്‍ കൂടുതല്‍ തുക സമ്മാനമെന്ന നിലക്കോ സംഭാവന എന്ന നിലക്കോ കൈമാറ്റം ചെയ്താല്‍ കൂടിയ നികുതിനിരക്ക് നല്‍കേണ്ടി വരും. രണ്ടു കോടിക്കു മുകളിലാണെങ്കില്‍ 35.7 ശതമാനം; അഞ്ചു കോടിക്കു മുകളിലാണെങ്കില്‍ 42.7 ശതമാനം.
ഉറ്റ ബന്ധുക്കള്‍ക്കാണ് കൈമാറുന്നതെങ്കില്‍ നികുതി നല്‍കേണ്ടിവരില്ല. ആദായനികുതി നിയമത്തിന്റെ 56ാം വകുപ്പുപ്രകാരം ബന്ധുക്കളുടെ പട്ടിക വിപുലമാണ്. സഹോദരങ്ങളും അവരുടെ ഭാര്യഭര്‍ത്താക്കന്മാരും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍, സുഹൃത്തുക്കള്‍, കുടുംബ ബന്ധുക്കള്‍, സഹായികള്‍ എന്നിവര്‍ മേലില്‍ നികുതി നല്‍കേണ്ടിവരും.

Post Your Comments Here ( Click here for malayalam )
Press Esc to close