മര്‍മ്മ ശാസ്ത്രത്തിന്റെ മനമറിഞ്ഞ് നൗഫല്‍ ഗുരുക്കള്‍

മര്‍മ്മ ശാസ്ത്രത്തിന്റെ മനമറിഞ്ഞ് നൗഫല്‍ ഗുരുക്കള്‍

പ്രദീപന്‍ തൈക്കണ്ടി-
കണ്ണൂര്‍: മനുഷ്യശരീരത്തിന്റെ മഹത്വം ഉള്‍ക്കൊള്ളുന്നതിലേക്ക് വിരല്‍ ചൂണ്ടി ഒരു പുസ്തകം. ജീവിത ശൈലീരോഗങ്ങള്‍ക്കൊണ്ട് ദുരിതജീവിതം നയിക്കുന്നവരുടെ മുന്നിലേക്ക് ശാരീരിക മാനസിക ആരോഗ്യം വീണ്ടെടുക്കാന്‍ വിളംബരം ചെയ്യുകയാണ് ഈ പുസ്തകം. കണ്ണൂര്‍ സിറ്റിയിലെ പ്രമുഖ കളരിപ്പയറ്റ് ഗുരുക്കളായ കുറുവ കരാറിനകം ബാങ്കിന് സമീപത്തെ ആഫിയാസില്‍ നൗഫല്‍ ഗുരുക്കളാണ് കളരിപ്പയറ്റും ശരീരമര്‍മ്മശാസ്ത്രവും എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.
കേരളത്തിന്റെ തനതായ ആയോധന കലയാണ് കളരിപ്പയറ്റ്. ആത്മരക്ഷയ്ക്കും ദേഹരക്ഷയ്ക്കും ഇത് ഉത്തമമാണ്. ഒരു കാലത്ത് കേരളക്കരയില്‍ സജീവമായിരുന്ന കളരി എന്ന കല വര്‍ത്തമാന കാലത്ത് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണുള്ളത്. നാടിന്റെ ചരിത്രത്തില്‍ ഇടം പിടിച്ച കളരി അഭ്യാസവും അങ്കംവെട്ടുമെല്ലാം പുതുതലമുറ പുസ്തകങ്ങളില്‍ മാത്രം വായിച്ച അറിവായി ചുരുങ്ങിപോകുമോയെന്നും ആശങ്കയുണ്ടായിരുന്ന കാലത്താണ് നൗഫല്‍ ഗുരുക്കള്‍ പുതുതലമുറയ്ക്ക് കളരിപ്പയറ്റിനെയും ശരീരമര്‍മ്മശാസ്ത്രത്തെയും പരിചയപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ പുസ്തകം എഴുതിയിരിക്കുന്നത്. വടക്കന്‍ പാട്ടിലെ തച്ചോളി ഒതേനനും ഉണ്ണിയാര്‍ച്ചയുമെല്ലാം കളരിപ്പയറ്റിലൂടെയാണ് പ്രസിദ്ധരായത്. നിരവധി അങ്കച്ചേവകന്‍മാരും ഗുരുക്കന്‍മാരുമെല്ലാം വിശ്വപ്രശസ്തിയിലേക്ക് ഉയര്‍ന്നത് കളരി അഭ്യാസത്തിലൂടെയായിരുന്നു. എന്നാല്‍ ഇന്ന് പഴയകാലത്തെ പ്രചാരം ഈ കലയ്ക്ക് ഇല്ല. എങ്കിലും ചില കളരി ഗുരുക്കന്‍മാര്‍ ഇന്നും തികഞ്ഞ ആത്മാര്‍ത്ഥതയോടെയും അര്‍പ്പണബുദ്ധിയോടെയും ശിഷ്യന്‍മാര്‍ക്ക് വിദ്യ പകര്‍ന്ന് നല്‍കുകയാണ്. ഇതില്‍ ഒരാളാണ് നൗഫല്‍ ഗുരുക്കള്‍. കളരി അഭ്യാസത്തെകുറിച്ചും അതിന്റെ വിവിധ വശങ്ങളെ കുറിച്ചും പൊതുസമൂഹത്തിന് വ്യക്തമായ അറിവ് പകര്‍ന്ന് നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് നൗഫല്‍ ഗുരുക്കള്‍ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ആയോധന കലയുടെ പ്രസക്തി, വ്യായാമവും ആരോഗ്യവും, മനുഷ്യശരീരവും മര്‍മ്മശാസ്ത്രവും, ത്രിദോഷങ്ങള്‍, ലഹരി എന്ന വിഷം, രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി 24 അധ്യായങ്ങളാണ് പുസ്തകത്തിലുള്ളത്.
കൂടാതെ പ്രമുഖരായ കളരി ഗുരുക്കന്‍മാരെ പുസ്തകത്തില്‍ സ്മരിക്കുന്നുണ്ട്. കായികാഭ്യാസങ്ങള്‍ അക്രമണത്തെ പ്രോത്സാഹിപ്പിക്കാറില്ല. മറിച്ച് അവയെ നിരുത്സാഹപ്പെടുത്തലാണ്. കായികാഭ്യാസത്തില്‍ കൂടി മാനസിക പരിവര്‍ത്തനത്തനവും മാനസിക പരിവര്‍ത്തനത്തിലൂടെ ആത്മിയതയിലേക്കുള്ള വഴിതെളീയ്ക്കലുമാണ്. വിദ്യയെ ഒരുവന്‍ ദൂരുപയോഗപ്പെടുത്തുകയാണെങ്കില്‍ നന്മയെക്കാള്‍ തിന്മയായിരിക്കും ഫലമെന്നും 20 വര്‍ഷമായി കണ്ണൂര്‍ സിറ്റി ദുല്‍ഫുഖര്‍ കളരിയില്‍ അധ്യാപകനായ നൗഫല്‍ ഗുരുക്കള്‍ പുസ്തകത്തിന്റെ ആമുഖത്തില്‍ പറയുന്നു. കണ്ണൂരിലെ കൈരളി ബുക്‌സാണ് പുസ്തകം വായനക്കാരുടെ കൈകളില്‍ എത്തിക്കുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close