നിതാഖത്തിന് ശക്തി പകരാന്‍ സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ്

നിതാഖത്തിന് ശക്തി പകരാന്‍ സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ്

ഫിദ
കൊച്ചി: നിതാഖത്തിന് ശക്തി പകരാന്‍ സൗദിയില്‍ സ്വദേശിവത്കരണ പങ്കാളി ക്ലബ്ബ് രൂപീകരിക്കുന്നു. ഇത് മലയാളികളടക്കമുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവെക്കാനും അവര്‍ക്ക് മുന്‍ഗണന നല്‍കാനും തയ്യാറുള്ള കമ്പനികളെ ഉള്‍പ്പെടുത്തിയാണ് ക്ലബ്ബ് രൂപവത്കരിക്കുന്നത്.
സ്വദേശികള്‍ക്ക് നിശ്ചിത ശതമാനം ജോലികള്‍ നീക്കിവെക്കണമെന്ന കാര്യത്തില്‍ നിഷ്‌കര്‍ഷ പുലര്‍ത്തണമെന്ന നിര്‍ദ്ദേശത്തോടെയാണ് കമ്പനികളെ ക്ലബ്ബില്‍ ഉള്‍പ്പെടുത്തുന്നത്. മാനവ വിഭവശേഷി മന്ത്രാലയം കൊണ്ടുവന്ന പദ്ധതിയില്‍ ക്ലബ്ബുകളില്‍ മൂന്നു തരത്തിലുള്ള അംഗത്വമാണ് കമ്പനികള്‍ക്ക് നല്‍കുന്നത്.
സൗദിയിലെ നൂറ്റമ്പതോളം പ്രമുഖ കമ്പനികള്‍ ഇതുവരെ ക്ലബ്ബില്‍ അംഗങ്ങളായിട്ടുണ്ട്. മറ്റു കമ്പനികളും താമസിയാതെ ക്ലബ്ബില്‍ അംഗത്വമെടുക്കുന്നതോടെ മലയാളികളടക്കമുള്ളവരുടെ വിദേശികളുടെ ജോലി സാധ്യതയെ ബാധിക്കും. സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി സൗദിയിലെ വിദേശ റിക്രൂട്ടിങ്ങില്‍ 30 ശതമാനത്തോളം കുറവു വന്നതിനു പിന്നാലെയാണ് ക്ലബ്ബ് രൂപവത്കരണവുമായി സര്‍ക്കാര്‍ നിതാഖാതിന്റെ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്.
ക്ലബ്ബില്‍ കമ്പനിയെ പ്രതിനിധീകരിക്കുന്നതും മാനവ വിഭവശേഷി വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും. ഇതോടെ കമ്പനിയില്‍ ഉണ്ടാകുന്ന തൊഴില്‍ അവസരങ്ങളിലെല്ലാം സ്വദേശികളുടെ നിയമനത്തിനായി സര്‍ക്കാറിന് സമ്മര്‍ദം ചെലുത്താനാകുമെന്നാണ് മന്ത്രാലയം കരുതുന്നത്.
സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമായതോടെ സൗദിയിലെ വിദേശ റിക്രൂട്ടിങ്ങില്‍ 30 ശതമാനത്തോളം കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും കുറഞ്ഞ അനുപാതമാണിത്. 2015ല്‍ സൗദിയിലേക്ക് 20 ലക്ഷത്തോളം വിസ അനുവദിച്ചപ്പോള്‍ 2016ല്‍ 14 ലക്ഷത്തോളം വിസ മാത്രമാണ് അനുവദിച്ചിട്ടുള്ളത്.

Post Your Comments Here ( Click here for malayalam )
Press Esc to close