നിസാന്റെ തലപ്പത്ത് ഇനി തോമസ് കുഹെല്‍

നിസാന്റെ തലപ്പത്ത് ഇനി തോമസ് കുഹെല്‍

 

നിസാന്‍ ഇന്ത്യ െ്രെപവറ്റ് ലിമിറ്റഡിന്റെ പ്രസിഡന്റായി തോമസ് കുഹെല്‍ നിയമിതനായി. നിസാനു പുറമെ ബജറ്റ് ബ്രാന്‍ഡായ ഡാറ്റ്‌സന്റെയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃത്വം കുഹെലിനാവും. വില്‍പ്പന, വിപണനം, നിര്‍മാണം, ഗവേഷണവികസനം തുടങ്ങി ഇന്ത്യയില്‍ കമ്പനിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും കുഹെലിന്റെ മേല്‍നോട്ടത്തിലാവും. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍പെട്ട ചെക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ ഓട്ടോ ഇന്ത്യയുടെ മേധാവിയായിരുന്ന കുഹെല്‍ ഒക്ടോബര്‍ ഒന്നിനാണു പുതിയ ചുമതല ഏല്‍ക്കുക.
നിസ്സാന്‍ ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഇന്ത്യ റീജിയന്‍ ചെയര്‍മാന്‍ പേമാന്‍ കര്‍ഗാറിനു കീഴില്‍ ഹരിയാനയിലെ ഗുരുഗ്രാമിലെ നിസാന്‍ ഇന്ത്യ മോട്ടോഴ്‌സ് ആസ്ഥാനം കേന്ദ്രീകരിച്ചാവും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. ആഗോള വാഹന വ്യവസായ മേഖലയിലെ വിപുലവും ആഴത്തിലുള്ളതുമായ പരിചയസമ്പത്തിലൂടെ നിസാന്‍ ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കു ഫലപ്രദമായ നേതൃത്വം നല്‍കാന്‍ കുഹെലിനു കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
വിവിധ രാജ്യങ്ങളിലായി വാഹന വ്യവസായത്തില്‍ 22 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമാണു കുഹെലിനുള്ളത്. ഈ രംഗത്തു വ്യത്യസ്ത മേഖലകളില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് മേധാവിയെന്ന നിലിയലും ഫോക്‌സ്‌വാഗണ്‍ ഗ്രൂപ് ഇന്ത്യ കോര്‍പറേറ്റ് സ്ടാറ്റജി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലുമാണു കുഹെലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തന പരിചയം.
നിസാനൊപ്പം ഇന്ത്യയില്‍ തിരിച്ചെത്താന്‍ കഴിയുന്നതില്‍ ആഹ്ലാദമുണ്ടെന്നായിരുന്നു പുതിയ ചുമതലയെപ്പറ്റി കുഹെലിന്റെ പ്രതികരണം. ഇന്ത്യന്‍ വിപണിയുടെ ചലനാത്മകതയെക്കുറിച്ചും സാധ്യതകളെക്കുറിച്ചും നേരിട്ടുള്ള പരിചയം തനിക്കുണ്ട്. ആഗോളതലത്തിലെ വാഹന വിപണികളില്‍ മൂന്നാം സ്ഥാനത്തേക്കു മുന്നേറാന്‍ ഇന്ത്യയ്ക്കു കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

Post Your Comments Here ( Click here for malayalam )
Press Esc to close