ഗായത്രി
ജോസ് കെ. മാണി എം.പിയുടെ ഭാര്യ നിഷാജോസിന്റെ ‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ് ‘ എന്ന പുസ്തകം ശ്രദ്ധേയമാവുന്നു. പുസ്തകത്തില്‍ ചില രാഷട്രീയ നേതാക്കളെക്കുറിച്ചുള്ള പരാമര്‍ശങ്ങളാണ് കനത്ത ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്. ഒരു നേതാവിന്റെ മകന്‍ ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പുസ്തകത്തിലെ പ്രധാന പരാമര്‍ശം. എന്നാല്‍ വിവാദങ്ങള്‍ക്കില്ലെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്ന് അറിയിക്കുകയായിരുന്നു ലക്ഷ്യമെന്നും നിഷാ ജോസ് പറഞ്ഞു. മാധ്യമങ്ങള്‍ പല കഥകളും മെനയുകയാണ്. ആരേയും വ്യക്തിഹത്യ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
‘തിരുവനന്തപുരത്ത് നിന്ന് കോട്ടയത്തേക്കുള്ള യാത്രയിലാണ് സംഭവം. രാത്രി ഏതാണ്ട് ഒമ്പത് മണിയായപ്പോഴാണ് ഞാന്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയത്. ട്രെയിന്‍ വരുന്നതിനായി കാത്ത് പ്ലാറ്റ് ഫോമിന്റെ ബഞ്ചിലിരുന്നപ്പോള്‍ ഒരു യുവാവ് അടുത്തുവന്നു സ്വയം പരിചയപ്പെടുത്തി. രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ അദ്ദേഹത്തിന്റെ അച്ഛനെ അറിയുമോയെന്ന് ചോദിച്ചുകൊണ്ടായിരുന്നു പരിചയപ്പെടല്‍. ട്രെയിന്‍ വരുന്നതുവരെ അയാള്‍ സംസാരിച്ചു കൊണ്ടിരുന്നു. എനിക്ക് ആയാളുടെ സംസാരം അരോജകമായി തോന്നി. ട്രെയിന്‍ വന്നതോടെ രക്ഷപ്പെട്ടന്ന് കരുതിയെങ്കിലും അതുണ്ടായില്ല. അയാള്‍ എന്റെ സീറ്റിനോട് ചേര്‍ന്ന് വന്നിരുന്നു. ഇതിനിടെ അവിചാരിതമായിട്ടെന്നവണ്ണം അയാള്‍ പലവട്ടം കാലുകളില്‍ തൊട്ടു. അവിചാരിതമായും അല്ലാതെയും ഒരാള്‍ സ്പര്‍ശിക്കുന്നത് എനിക്ക് നന്നായി തിരിച്ചറിയാന്‍ കഴിയും. ഒടുവില്‍ ഞാന്‍ ആയാളോട് ഇറങ്ങി പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
താഴത്തെ സൈഡ് ബര്‍ത്തായിരുന്നു എന്റേത്. അയാളും എന്റെ അടുത്തിരുന്നു. ഞാന്‍ ക്ഷീണം കാരണം ഉറങ്ങാന്‍ ഭാവിച്ചു. എന്നാല്‍ പ്ലാറ്റ് ഫോമില്‍ കണ്ട ആ ‘മാന്യദേഹത്തിന്’ മറ്റ് ഉദ്ദേശ്യങ്ങളായിരുന്നു. ഞാന്‍ പരമാവധി അകലം പാലിക്കാന്‍ ശ്രദ്ധിച്ചു. അത്രത്തോളം എനിക്ക് അസ്വസ്ഥതയായിരുന്നു. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലായ അമ്മായിയച്ഛനെ കാണാന്‍പോയ കാര്യങ്ങള്‍ അയാള്‍ പറഞ്ഞു. അതിരാവിലെ ആലപ്പുഴയില്‍ പോകണമെന്ന് പറഞ്ഞ് ഞാന്‍ കോട്ടുവായിട്ട് ഉറക്കത്തിന്റെ സൂചനകള്‍ നല്‍കിയെങ്കിലും അയാള്‍ സംസാരം നിറുത്തിയില്ല. ഇയാളുടെ ‘നല്ലസ്വഭാവ’ത്തെക്കുറിച്ച് പലരും എന്നോട് പറഞ്ഞിട്ടുള്ളതും ഇയാളെ അടുപ്പിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതുമെല്ലാം എന്റെ മനസ്സിലോടിയെത്തി.
ഒടുവില്‍ നിവൃത്തിയില്ലാതെ ടി.ടി.ആറിനെ കണ്ട് ഈ ദുരവസ്ഥയില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിച്ചു. അയാളുടെ അച്ഛന്‍ രാഷ്ട്രീയക്കാരനായതിനാല്‍ ഇടപെടാന്‍ പേടിയാണെന്നു പറഞ്ഞ് ടി.ടി.ആര്‍ ഒഴിഞ്ഞുമാറി. മീ ടൂ കാമ്പെയിന്റെ പേരില്‍ നിരവധി സ്ത്രീകള്‍ സ്വന്തം അനുഭവം തുറന്നു പറഞ്ഞതിന്റെ ഭാഗമായാണ് ഈ വെളിപ്പെടുത്തലെന്നും നിഷ ജോസ് പുസ്തകത്തില്‍ പറയുന്നു. പുസ്തകം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രസിദ്ധീകരിക്കുന്നത്. മലയാളം പതിപ്പ് ഉടനെ പുറത്തിറങ്ങും.