രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഇനി പെണ്‍കരുത്ത്

രാജ്യത്തെ സാമ്പത്തിക മേഖലക്ക് ഇനി പെണ്‍കരുത്ത്

ഫിദ-
കൊച്ചി: അപ്രതീക്ഷിത നേട്ടങ്ങളുടെ പരമ്പരയാണ് നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയ ജീവിതം. 2003-05ല്‍ മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ സുഷമ സ്വരാജിനെ പരിചയപ്പെട്ടതാണ് നിര്‍മ്മലയുടെ ജീവിതത്തിലെ വഴിത്തിരിവ്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് 2003-05ല്‍ നിര്‍മ്മ ദേശീയ വനിതാ കമ്മിഷന്‍ അംഗമായി. 2006ല്‍, അവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ദേശീയ നിര്‍വാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ട നിര്‍മ്മല, പാര്‍ട്ടിയുടെ ദേശീയ വക്താവുമായി.
ചുമതലകളെല്ലാം ഭംഗിയായി നിര്‍വഹിച്ചതോടെ, 2014ല്‍ മോദി സര്‍ക്കാരിലെ വാണിജ്യമന്ത്രിസ്ഥാനം നിര്‍മ്മലക്ക് ലഭിച്ചു. 2017 സെപ്തംബറില്‍ ഇന്ത്യയുടെ ആദ്യ മുഴുവന്‍സമയ വനിതാ പ്രതിരോധമന്ത്രി സ്ഥാനവും നിര്‍മ്മലയെ തേടിയെത്തി. പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ വ്യോമസേന നടത്തിയ മിന്നലാക്രമണത്തിന് മേല്‍നോട്ടം വഹിച്ചത് നിര്‍മ്മ സീതാരാമനാണ്. റഫാല്‍ വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെ പ്രതിരോധിച്ച് പാര്‍ലമെന്റില്‍ തിളങ്ങിയതും നിര്‍മ്മലയാണ്. 2016 മുതല്‍ കര്‍ണാടകയില്‍ നിന്നുള്ള രാജ്യസഭാംഗമാണ് നിര്‍മ്മല.
രണ്ടാം മോദി സര്‍ക്കാരില്‍ ധനമന്ത്രി പദം അലങ്കരിക്കുമ്പോള്‍, ഇന്ത്യയുടെ രണ്ടാമത്തെ വനിതാ ധനമന്ത്രിയെന്ന പട്ടവും നിര്‍മ്മലക്ക് സ്വന്തമാകുകയാണ്. 197071ല്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ധനമന്ത്രിസ്ഥാനം വഹിച്ചിരുന്നു. പ്രതിരോധ രംഗത്തേക്കാള്‍ കടുത്ത വെല്ലുവിളികളാണ് ധനമന്ത്രിയായി, പാര്‍ലമെന്റിന്റെ നോര്‍ത്ത് ബ്‌ളോക്കിലേക്ക് എത്തുമ്പോള്‍ നിര്‍മ്മലയെ കാത്തിരിക്കുന്നത്. പുതിയ സര്‍ക്കാരിന്റെ ബഡ്ജറ്റ് അവതരണം തന്നെയാണ് അതില്‍ ഏറ്റവും പ്രധാനം.

Post Your Comments Here ( Click here for malayalam )
Press Esc to close