എഡി ഗോപാലകൃഷ്ണ പ്രഭു-
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ ചലച്ചിത്രജീവിതാനുഭവങ്ങളുടെ രസകരമായ അവതരണമാണ് ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം. പേരുപോലെതന്നെ നിറക്കൂട്ടുകള്‍ ഇല്ലാത്ത കാഴ്ചകള്‍ പുസ്തകത്തിന്റെ ഓരോ പേജിലും നമുക്ക് കാണാന്‍ കഴിയും. ചിരിയും ചിന്തയും സമ്മാനിക്കുന്ന ഗൗരവപൂര്‍ണമായൊരു വായനാ അനുഭവമാണ്. ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ലളിതമായ വാക്കുകളാല്‍ എഴുതപ്പെട്ടതാണ് ഈ പുസ്തകം. എണ്‍പതുകളിലെ സിനിമയുടെ പിന്നാമ്പുറങ്ങളിലേക്ക് വായനക്കാരെ അനായാസമായി ഡെന്നിസ് ജോസഫ് കൂട്ടിക്കൊണ്ടുപോകുന്നു. സിനിമയെന്നത് കുറെ സൗഹൃദങ്ങളുടെ ലോകമാണെന്നും ഡെന്നിസ് ജോസഫ് പറയാതെ പറയുന്നു. ചില സന്ദര്‍ഭങ്ങളില്‍ ചിരിയുടെ അലകളും മറ്റു ചില അവസരങ്ങളില്‍ നന്നേ വിഷമിപ്പിക്കുന്ന അനുഭവങ്ങളും വായനക്കാരിലേക്ക് പകരുന്നു. വിജയപരാജയങ്ങളുടെ ജാതകം എഴുതുന്ന സിനിമയില്‍ കഴിവുണ്ടായിട്ടും ശോഭിക്കാന്‍ കഴിയാതെ പോയവരുടെ കഥകള്‍ വേദനയോടെ അല്ലാതെ വായിക്കാന്‍ കഴിയില്ല. സിനിമാക്കാരുടെ വിശ്വാസവും ജേ്യാത്സ്യനെ കാണാന്‍പോകുന്ന കഥകളൊക്കെ വായനക്കാരനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. സിനിമയുടെ കഥ രൂപപ്പെടുന്നതുമുതല്‍ അതിനു പിന്നില്‍ സംഭവിക്കുന്ന രസകരമായ സംഭവങ്ങളും സന്ദര്‍ഭങ്ങളും പ്രമുഖ വ്യക്തികളുമായുള്ള ആത്മബന്ധങ്ങളെക്കുറിച്ചും പറയുമ്പോള്‍ യുവ തലമുറയില്‍ പെട്ട ഞങ്ങള്‍ക്ക് കൗതുകത്തോടെയല്ലാതെ കേട്ടിരിക്കാന്‍ ആവില്ല. സിനിമയില്‍ ഇടനിലക്കാരില്ലാത്ത ഒരു കാലമുണ്ടായിരുന്നുവെന്ന് കേള്‍ക്കുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസം. കടന്നുപോയ ഒരു കാലത്തിന്റെ സിനിമ ചരിത്രവും അന്നത്തെ അത്യപൂര്‍വ സന്ദര്‍ഭവും അസൂയപ്പെടുത്തുന്ന സൗഹൃദങ്ങളും ബന്ധങ്ങളും ഹൃദ്യ മായി ആവിഷ്‌കരിക്കുന്ന ഡെന്നീസ് ജോസഫിന്റെ ‘നിറക്കൂട്ടുകളില്ലാതെ’ എന്ന പുസ്തകം ഏതൊരു സിനിമ ആസ്വാദകനും വായിച്ചിരിക്കേണ്ട ഒന്നാണ്. (പുസ്തക ആസ്വാദനം എഴുതിയിരിക്കുന്നത് സിനിമ പിആര്‍ഒ എഎസ് ദിനേശന്റെ മകനാണ്).