സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മണ്‍റോ തുരുത്ത്

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മണ്‍റോ തുരുത്ത്

ഗായത്രി
കൊല്ലം: വിനോദസഞ്ചാരികളുടെ പറുദീസയായ മണ്‍ട്രോതുരുത്തില്‍ വന്‍ വികസന പദ്ദതി. ഇവിടെ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാന്‍ ടൂറിസംവകുപ്പ് ഒരുങ്ങിക്കഴിഞ്ഞു. ഇടത്തോടുകളാല്‍ സമ്പന്നമായ മണ്‍ട്രോതുരുത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ കാരൂത്രക്കടവില്‍ ടൂറിസം ഫെസിലിറ്റി സെന്റര്‍ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുക. ടൂറിസം സ്‌പോട്ടായി തെരഞ്ഞെടുത്തിട്ടുള്ള മണക്കടവില്‍ കായല്‍ക്കാഴ്ചകള്‍ നുകരാന്‍ പ്രത്യേക സൌകര്യം ഉറപ്പാക്കും. പടപ്പക്കര, വെള്ളിമണ്‍, അഷ്ടമുടി, പ്രാക്കുളം തുടങ്ങി അഷ്ടമുടിയുടെ നാല് മുടികളുടെ മനോഹാരിത ആസ്വദിക്കാനുള്ള ലേക്ക്‌വ്യൂ പോയിന്റായ ഇവിടെ ഹൗസ്‌ബോട്ടുകള്‍ക്ക് അടുക്കാന്‍ വിപുലമായ സൗകര്യം ഒരുക്കും. അഞ്ച് ഹൗസ്‌ബോട്ടുകള്‍ക്ക് ഒരേസമയം അടുക്കാന്‍ പാകത്തില്‍ കണ്ണങ്കാട്ട് റെയില്‍വേ പാലത്തിന് സമീപം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, പെരുങ്ങാലത്ത് ബോട്ട്ജട്ടി, എന്നിവയും സജ്ജമാക്കും. കരിമീനും കൊഞ്ചും നീന്തിത്തുടിക്കുന്ന, വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന ഇടത്തോടുകള്‍ വൃത്തിയാക്കി ആഴംകൂട്ടി ജലഗതാഗതം സുഗമമാക്കും. കയര്‍മാറ്റുപയോഗിച്ച് ഇരുവശവും സംരക്ഷിക്കുന്ന തോടുകളിലൂടെ കാരൂത്രക്കടവ് കേന്ദ്രമായി കനാല്‍ ക്രൂയിസ് സൌകര്യവും ഏര്‍പ്പെടുത്തും.
കാരൂത്രക്കടവിലെ ഫെസിലിറ്റി സെന്ററിന് ഇരുനിലകെട്ടിടമാണ് നിര്‍മിക്കുക. ഇതില്‍ എടിഎം സൗകര്യം, വിശ്രമിക്കാനുള്ള സൗകര്യം എന്നിവ സജ്ജമാക്കും. യാത്രക്കാരെ സ്വാഗതം ചെയ്ത് ഇടിയക്കടവില്‍ സ്വാഗതകമാനം സ്ഥാപിക്കും. പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ മണക്കടവില്‍ സൈക്കിള്‍ ട്രാക്ക്, ആംഫിതിയറ്ററും എത്തിനിക്ക് റെസ്‌റ്റോറന്റും പൂപ്പാണിയില്‍ ഡിടിപിസി സെന്ററും പൂര്‍ത്തിയാക്കും. ടൂറിസം മേഖലയിലെ പശ്ചാത്തല വികസനത്തിന് അഞ്ചുകോടിയുടെ പദ്ധതികള്‍ക്ക് ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് അംഗീകാരം നല്‍കിയതോടെയാണ് പുതു പദ്ധതികള്‍ക്ക് തുരുത്ത് സാക്ഷ്യം വഹിക്കുന്നത്്. ഇതില്‍ ആദ്യഘട്ടമായി മൂന്ന് കോടിയുടെ പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതിയായത്. വര്‍ഷം എട്ടുമാസവും വേലിയേറ്റത്തിന്റെ പിടിയിലമര്‍ന്ന് തൊഴില്‍ പോലും നഷ്ടപ്പെട്ട് ജീവിതം ദുരിതത്തിലായ തുരുത്ത് നിവാസികളെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുപദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നത്. വിദേശത്ത് നിന്നും ഉത്തരേന്ത്യയില്‍ നിന്നുമുള്ള സഞ്ചാരികളാണ് ഇവിടുത്തെ മനോഹാരിത നുകരാന്‍ ഏറെയും എത്തുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close