ഫാമിലി കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി

ഫാമിലി കൗണ്‍സില്‍ രൂപീകരിക്കാന്‍ ഒരുങ്ങി മുകേഷ് അംബാനി

രാംനാഥ് ചാവ്‌ല-
മുംബൈ: ലോക സമ്പന്നരില്‍ നാലാമനും റിലയന്‍സ് ഇന്‍ഡസ്ട്രീസ് സാമ്രാജ്യത്തിന്റെ അധിപതിയുമായ മുകേഷ് അംബാനി തന്റെ ബിസിനസ് ശൃംഖല മൂന്നു മക്കളുടെയും മേല്‍നോട്ടത്തിനായി വിട്ടു കൊടുക്കുന്നതായുള്ള റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ‘ഫാമിലി കൗണ്‍സില്‍’ രൂപീകരിക്കുന്നതായാണ് അറിയുന്നത്. മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവര്‍ക്കു പുറമേ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും, ഭാര്യ നിത അംബാനി, ഉപദേശകരായി പ്രവര്‍ത്തിക്കാനായി പുറത്തുനിന്നുള്ളവര്‍ എന്നിവരുള്‍പ്പെട്ടതാകും സമിതി.
റീട്ടെയ്ല്‍ രംഗം, ഊര്‍ജം, ഡിജിറ്റല്‍ വിഭാഗം എന്നിങ്ങനെ പ്രധാനമായും മൂന്ന് മേഖലകളില്‍ വ്യാപിച്ചിരിക്കുന്ന ബിസിനസ് സാമാജ്യത്തിന്റെ നേത്വത്വമാണ് ഓരോരുത്തരെ ഏല്‍പ്പിക്കുക.
80 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63 കാരനായ അംബാനിയുടെ ശ്രമം. 1973ലാണ് മുകേഷ് അംബാനിയുടെ പിതാവ് ധീരുഭായ് അംബാനി റിലയന്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാപിച്ചത്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനായ അനില്‍ അംബാനിയുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം മുകേഷ് അംബാനിയുടെ ഈ നീക്കം.

Post Your Comments Here ( Click here for malayalam )
Press Esc to close