ലോകസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാമന്‍

ലോകസമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനി ആറാമന്‍

വിഷ്ണു പ്രതാപ്-
ലോകസമ്പന്നരുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇടംപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ആറാമന്‍. ബ്ലൂംബെര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സിന്റെ റാങ്കിങ് അനുസരിച്ചാണിത്. 72.4 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. ഇതോടെ ഗൂഗിള്‍ സ്ഥാപകന്‍ ലാറി പേജ്, ടെസ്‌ല മേധാവി ഇലോണ്‍ മസ്‌ക്, ഒറാക്കിള്‍ കോര്‍പ് മേധാവി ലാറി എറിസണ്‍, ലോകത്തിലെ ഏറ്റവും വലിയ ധനികയായ ഫ്രാന്‍സിന്റെ ഫ്രാങ്കോയിസ് ബെറ്റന്‍കോര്‍ട്ട് മേയേഴ്‌സ് എന്നിവരെ പിന്തള്ളി അംബാനി ആറാം സ്ഥാനത്തെത്തി.
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് പട്ടികയില്‍ പ്രഥമസ്ഥാനത്തുള്ളത്. 184 ബില്യണ്‍ ഡോളറാണ് ഇദ്ദേഹത്തിന്റെ സമ്പത്ത്. 115 ബില്യണ്‍ ഡോളറുമായി മൈക്രോസോഫ്റ്റ് മേധാവി ബില്‍ഗേറ്റ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. മാര്‍ച്ചില്‍ നേരിയ ഇടിവ് പ്രകടിപ്പിച്ചെങ്കിലും ആഗോള കമ്പനികളായ ഫെയ്‌സ്ബുക്ക്, സില്‍വര്‍ ലെയ്ക്ക്, ക്വാള്‍കോം എന്നീ കമ്പനികളുടെ നിക്ഷേപമെത്തിയതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വിലകുതിച്ചു. ഇതോടെയാണ് അംബാനിയുടെ ആസ്തിയില്‍വന്‍ വര്‍ധനവുണ്ടായത്.
ജൂലൈ 13 നാണ്അംബാനിയുടെ ആസ്തി 2.17 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 72.4 ബില്യണ്‍ ഡോളറിലെത്തിയത്. ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികന്‍ കൂടിയാണ് അദ്ദേഹം. വൈകാതെ തന്നെ മുകേഷ് അംബാനി ലോകത്തിലെ മികച്ച അഞ്ച് സമ്പന്നരുടെ ക്ലബില്‍ എത്തുമെന്ന് ഉറപ്പായി. വൈകാതെ തന്നെ ഗൂഗിളും ജിയോയില്‍ വന്‍ നിക്ഷേപം നടത്തുമെന്നാണ് അറിയുന്നത്.

Post Your Comments Here ( Click here for malayalam )
Press Esc to close